ടാറ്റ തങ്ങളുടെ ശ്രേണിയെ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരാഴ്ചയ്ക്കിടയിലാണ് കമ്പനി രണ്ട് മോഡലുകളുടെ പുതുക്കിയ പതിപ്പുകള്‍ പുറത്തിറക്കിയത്. ടാറ്റ കാറുകളുടെ ചാലകശക്തിയായി മാറിയവയെ ആണ് കമ്പനി മിനുക്കിമിനുക്കി പുറത്തിറക്കുന്നത്. 

ഈ ആഴ്ച ആദ്യമെത്തിയത് പ്രീമിയം എസ്.യു.വി. ഹെക്‌സയാണ്. ഹെക്‌സ എക്‌സ്.എം. പ്ലസായിരുന്നു പുറത്തിറക്കിയത്. പിന്നാലെ ആകെ അഴിച്ചുപണിത് പ്രീമിയം കോംപാക്ട് സെഡാനായി ടിഗോറുമെത്തി.

ഹെക്‌സ എക്‌സ്.എമ്മിന്റെ വിശേഷങ്ങളിലേക്ക്

TATA Hexa XM Plus

ഹെക്‌സയുടെ സൗന്ദര്യം കുറച്ചുകൂടി കൂട്ടുന്ന മിനുക്കുപണികള്‍ നടത്തിയാണ് എക്‌സ്.എം. പ്ലസായി മാറ്റിയത്. ഇതില്‍ പ്രധാനം കല്‍ക്കരിയുടെ ചാരനിറം പകര്‍ന്ന അലോയ് വീലുകളാണ്. പതിനാറ് ഫീച്ചറുകളാണ് എക്‌സ്.എം. പ്ലസിന് പുതുതായി നല്‍കിയിട്ടുള്ളത്. പുറത്തുള്ളത് പുതിയ അലോയ് വീലുകളാണ്. 

ഡാഷ്ബോര്‍ഡ് കുറച്ചുകൂടി ആംഡബരമാക്കി. സ്റ്റിയറിങ് വീലിന് തുകല്‍ പൊതിഞ്ഞു. ഡ്യുവല്‍ എ.സി.യോടെ ഫുള്ളി ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവന്നു. അകത്തെ സീറ്റുകള്‍ക്കും ഗുണനിലവാരം കൂടി. 

ലൈറ്റ് സെന്‍സിങ് ഓട്ടോമാറ്റിക് ഹെഡ് ലൈറ്റുകള്‍, ക്രൂയിസ് കണ്‍േട്രാള്‍, ഫോഗ് ലാമ്പുകള്‍, ക്യാമറയോടുകൂടിയ റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍ എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങള്‍. 

എന്‍ജിനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഇപ്പോള്‍ തുടരുന്ന 2.2 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ഹെക്‌സയിലും. സിക്‌സ് സ്പീഡ് മാന്വലോ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോ തിരഞ്ഞെടുക്കാം. പ്രധാനമായും ദീപാവലി ആഘോഷം മുന്നില്‍ക്കണ്ടാണ് ടാറ്റയുടെ പുതിയ വാഹനങ്ങളുടെ പുറത്തിറക്കല്‍.

മിനുക്കുപണികള്‍ നല്‍കി ടിഗോറും

Tigor New

കഴിഞ്ഞദിവസം പുറത്തിറക്കിയ കോംപാക്ട് സെഡാനായ ടിഗോറും ഇതേ രീതിയില്‍ ആഘോഷക്കാലത്ത് തിളക്കമേറ്റാനാണ് വരുന്നത്. 5.20 ലക്ഷമാണ് പുതിയ ടിഗോറിന്റെ പെട്രോള്‍ മോഡലിന് തുടക്കത്തില്‍ വില വരുന്നത്. ഡീസലിന് 6.09 ലക്ഷമാണ് ഡല്‍ഹിയിലെ എക്‌സ്ഷോറൂം വില. 

എന്‍ജിനിലൊന്നും തൊടാതെ മിനുക്കുപണികളിലാണ് ടാറ്റ ടിഗോറില്‍ കാഴ്ചവെച്ചിരിക്കുന്നത്. പ്രധാനമായും 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ആകര്‍ഷണം. ടിയാഗോ അടിസ്ഥാനമാക്കി നിര്‍മിച്ച ടിഗോര്‍ കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

സ്‌റ്റൈല്‍ബാക്ക് എന്ന് ടാറ്റ വിളിക്കുന്ന ഡിസൈനിലാണ് ടിഗോര്‍ വരുന്നത്. പെട്രോളില്‍ 1.2 ലിറ്റര്‍ റെവ്ട്രോണും ഡീസലില്‍ 1.05 ലിറ്റര്‍ റെവ് ട്രോക് എന്‍ജിനുമാണ്. പെട്രോള്‍ എന്‍ജിന്‍ 114 എന്‍.എം. ടോര്‍ക്കും 84 ബി.എച്ച്.പി. കരുത്തും നല്‍കുന്നു. ഡീസലാകട്ടെ 140 എന്‍.എം. ടോര്‍ക്കും 69 ബി.എച്ച്.പി. കരുത്തും നല്‍കുന്നുണ്ട്. 

ഫൈവ് സ്പീഡ് മാന്വലും ഓട്ടോമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍. ഡയമണ്ട് പാറ്റേണ്‍ ഫ്രണ്ട് ഗ്രില്‍, ഡോറുകളില്‍ ക്രോം സൗന്ദര്യം, പതിനഞ്ച് ഇഞ്ച് ഡ്യുവല്‍ടോണ്‍ ഫൈവ് സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് പുതിയ ടിഗോറിന്റെ പ്രത്യേകതകള്‍. 

ഹെഡ്ലാമ്പിലാണ് കമ്പനി വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പ്രൊജക്ടഡ് ഹെഡ്ലാമ്പിലേക്ക് മാറി. ഇരട്ട ചേമ്പറുള്ള ക്ലസ്റ്ററില്‍ പാര്‍ക്ക് ലൈറ്റുമുണ്ട്. ഹെഡ്ലാമ്പ് ക്ലസ്റ്ററിന് കറുപ്പ് പശ്ചാത്തലം വന്നിട്ടുണ്ട്. ഇന്‍ഡിക്കേറ്ററുകള്‍ പഴയ സ്ഥലത്തുതന്നെ തുടരുന്നുണ്ട്. ക്ലിയര്‍ ലെന്‍സ് എല്‍. ഇ.ഡി. ടെയില്‍ ലാമ്പുകള്‍ പിന്നില്‍നിന്ന് ടിഗോറിന്റെ ഭംഗി കൂട്ടുന്നുണ്ട്. 

സിറ്റി, ഇക്കോ എന്നീ രണ്ട് ഡ്രൈവിങ് മോഡുകള്‍ ഇതിലും തുടരുന്നുണ്ട്. ഇക്കോ മോഡില്‍ കൂടുതല്‍ മൈലേജ് നല്‍കുന്ന രീതിയില്‍ വാഹനം ഓടും. എന്നാല്‍ ത്രോട്ടില്‍ കൂടുന്നതും വാഹനത്തിന്റെ വേഗം കൂടുന്നതിനുമനുസരിച്ച് തനിയേ സിറ്റി മോഡിലേക്ക് മാറും. മാന്വലില്‍ ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനാണ് ടിഗോറില്‍ പൊതുവായി വരുന്നത്. ഇതില്‍ എ.എം. ടി. ഓട്ടോമാറ്റിക്കും ഓപ്ഷനായി വരുന്നുണ്ട്. 

മൂന്ന് മോഡുകളാണിതിലുള്ളത്. ക്രീപ്പ്, സ്‌പോര്‍ട്ട്, മാന്വല്‍. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനില്‍ ഹര്‍മന്റെ സൗണ്ട് സിസ്റ്റമാണുള്ളത്. വോയ്സ് കമാന്‍ഡ്, ട്രിപ്പ് ഓണ്‍, ടാറ്റ സ്മാര്‍ട്ട് മാന്വല്‍, ടാറ്റ സ്മാര്‍ട്ട് റിമോട്ട് എന്നിവ ഇതിലുണ്ട്. ടിയാഗോയില്‍ ആദ്യമായി ഹര്‍മന്‍ ഓഡിയോയുടെ എട്ട് സ്പീക്കര്‍ സിസ്റ്റം വന്നു. 

ഡ്യുവല്‍ എയര്‍ബാഗ്, ഇ.ബി.എസ്., ഇ.ബി.ഡി., കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളും വരുന്നുണ്ട്. ഇവ കൂടാതെ, റൂഫ്സ്‌പോയിലര്‍, എല്‍.ഇ. ഡി. സ്റ്റോപ്പ്ലാമ്പ്, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലൗബോക്‌സ്, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിങ്ങനെ പോകുന്നു മുഖംമാറിയ ടിഗോറിന്റെ വിശേഷങ്ങള്‍.

വലിയ അലോയിയുമായി സഫാരി

Safari Strome

ഈ ഉത്സവ സീസണില്‍ സഫാരി സ്റ്റോമിനും മാറ്റങ്ങള്‍ വരുത്തി പുറത്തിറക്കാന്‍ തീരുമാനമായിട്ടുണ്ട്. പതിനേഴ് ഇഞ്ച് അലോയ് ആണ് അതില്‍ പ്രധാനം. എല്‍.എക്‌സ്, ഇ.എക്‌സ് വേരിയന്റുകളില്‍ പതിനാറ് ഇഞ്ച് വീലുകള്‍ തുടരുമ്പോള്‍ വി.എക്‌സ്. വേരിയന്റിലാണ് പതിനേഴ് ഇഞ്ച് വീല്‍ വരുന്നത്. 

ഇത് ടു വീല്‍ ഡ്രൈവിലും ഫോര്‍ വീല്‍ ഡ്രൈവിലും ലഭ്യമാണ്. ഇതാണ് സ്റ്റോമിന്റെ പ്രധാന മാറ്റമെന്നാണ് കമ്പനി പറയുന്നത്. എല്‍.എക്‌സ്, ഇ.എക്‌സ്, വേരിയന്റുകളില്‍ 2.2 ലിറ്റര്‍ വേരികോര്‍ എന്‍ജിനാണ് സ്റ്റോമിന്റെ ശക്തികേന്ദ്രം. ഇതിലെ ഡീസല്‍ എന്‍ജിന്‍ 320 എന്‍. എം. ടോര്‍ക്കില്‍ 148 ബി.എച്ച്.പി. കരുത്ത് നല്‍കും. 

ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് കൂട്ട്. വി. എക്‌സ്, വി.എക്‌സ് ഓള്‍വീല്‍ ഡ്രൈവ് എന്നിവയ്ക്ക് സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്. 400 എന്‍.എം. ടോര്‍ക്കില്‍ 154 ബി.എച്ച്.പി. കരുത്തു നല്‍കും. 

ഹര്‍മന്‍ സൗണ്ട് സിസ്റ്റം ഇതിലും എത്തിയിട്ടുണ്ട്. ഓഡിയോ കണ്‍ട്രോളുകള്‍ സ്റ്റിയറിങ്ങില്‍ നിയന്ത്രിക്കാം. ഇലക്ട്രിക്കലി ഫോള്‍ ഡബിള്‍ ഒ.വി. ആര്‍.എമ്മുകള്‍, റൂഫ് മൗണ്ടഡ് എ.സി. വെന്റുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. 

മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എ.ബി.എസ്., ഇ.ബി.ഡി., സെന്‍ട്രല്‍ ലോക്കിങ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവയുമുണ്ട്.