ന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാറുകള്‍ പുറത്തിറങ്ങി. ടാറ്റയുടെ ജനപ്രിയ സെഡാന്‍ മോഡലായ ടിഗോറാണ് ഇലക്ട്രിക് കരുത്തില്‍ എത്തിയത്. കാപ്‌ജെമിനൈ എന്ന ആഗോള സാങ്കേതിക സ്ഥാപനത്തിനായാണ് ഇലക്ട്രിക് ടിഗോറുകള്‍ ഒരുങ്ങിയത്. 

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാപ്‌ജെമിനൈയുടെ മൂന്ന് ക്യാംപസുകളില്‍ ടാറ്റാ മോട്ടോഴ്‌സ് ടിഗോര്‍ ഇലക്ട്രിക് വാഹനം എത്തിച്ച് നല്‍കിയിട്ടുള്ളത്. 

സാങ്കേതികവിദ്യ കണ്‍സള്‍ട്ടിങ് മേഖലയിലെ ആഗോള സ്ഥാപനമാണ് കാപ്‌ജെമിനൈ. ഈ സ്ഥാപനത്തിന്റെ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ക്യാംപസുകളിലാണ് ഇനി ടിഗോറിന്റെ ഇലക്ട്രിക് കാറുകള്‍ പര്യടനം നടത്തുന്നത്. 

മൊബിലിറ്റി സൊലൂഷന്‍സ് കമ്പനിയായ കാര്‍ത്തിക് ട്രാവല്‍സുമായി സഹകരിച്ചാണ് ടാറ്റ മോട്ടോഴ്‌സ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതേ തുടര്‍ന്ന് ആദ്യ ബാച്ച് വാഹനങ്ങള്‍ ബംഗളൂരുവല്‍ വെച്ച് നടന്ന ചടങ്ങില്‍ ടാറ്റ മോട്ടോഴ്‌സ് കാപ്‌ജെമിനൈ അധികൃതര്‍ക്ക് കൈമാറി. 

പരിസ്ഥിതി സംരക്ഷണമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ കാപ്‌ജെമിനൈയുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് പ്രസിഡണ്ട് ശൈലേഷ് ചന്ദ്ര പറഞ്ഞു.

Content Highlights: Tata Motors Handover Electric Tigor To Capgemini Technology Services