ടാറ്റ മോട്ടോഴ്സിന്റെ ടിഗോര്‍ ഇലക്ട്രിക് കാറുകളുടെ ഉത്പാദനം ആരംഭിച്ചു. കമ്പനിയുടെ ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റിലാണ് നിര്‍മാണം. റഗുലര്‍ ടിഗോര്‍ രൂപത്തില്‍ നിന്ന് ഇലക്ട്രിക് ടിഗോറിന് വലിയ മാറ്റങ്ങളൊന്നുമില്ല. 

10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ലേലത്തിലൂടെ ടാറ്റ മോട്ടോഴ്സിന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (EESL) നിന്ന് ലഭിച്ചിരുന്നു. ഇവര്‍ക്കു വേണ്ടി ആദ്യ ഘട്ടത്തില്‍ 250 കാറുകളാണ് നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ, 100 ഇലക്ട്രിക് കാറുകള്‍ വൈകാതെ ലഭ്യമാക്കും.

ഇലക്ട്രിക് കാറുകള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. 2030 ആവുന്നതോടെ ഇന്ത്യയിലെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ മുന്‍നിര്‍ത്തിയാണ് ടാറ്റാ മോട്ടേഴ്സ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ അമരക്കാരായ മഹീന്ദ്ര ഇ-വെരിറ്റോയുടെ അതേ കരുത്തിലാണ് ടിഗോര്‍ ഇവി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. പരമാവധി 40 ബിഎച്ച്പി കരുത്തേകും ഇലക്ട്രിക് മോട്ടോര്‍. 1516 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ഇത് ഇ-വെരിറ്റോയെക്കാള്‍ 200 കിലോഗ്രാം കുറവാണ്. റഗുലര്‍ മോഡലിന് സമാനമായി 5 പേര്‍ക്ക് ഇലക്ട്രിക്കിലും യാത്ര ചെയ്യാം. 3992 എംഎം നീളവും 1677 എംഎം വീതിയും 1537 എംഎം ഉയരവും 2450 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ഒറ്റ ചാര്‍ജില്‍ 120-150 കിലോമീറ്റര്‍ വരെ പിന്നിടാന്‍ സാധിക്കുമെന്നാണ് സൂചന. 

Content Highlights: Tata Motors Electric Tigor Production Started