ടാറ്റ മോട്ടോഴ്‌സിന്റെ കാറുകള്‍ക്ക് പുത്തന്‍ ഭാവങ്ങള്‍ ഒരുക്കിയിരുന്ന ഡിസൈന്‍ വിഭാഗം മേധാവി പ്രതാപ്ബോസ് ടാറ്റയോട് വിടപറഞ്ഞു. ടാറ്റയുടെ ജനപ്രിയ മോഡലുകളായ ഹാരിയര്‍, നെക്‌സോണ്‍, അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങളുടെ ഡിസൈനിങ്ങ് ഒരുക്കിയ വ്യക്തിയും ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയുടെ ശില്‍പ്പിയുമായിരുന്നു സ്ഥാനമൊഴിഞ്ഞ പ്രതാപ് ബോസ്.

2019-ജനുവരിയിലാണ് പ്രതാപ് ബോസ് ടാറ്റയുടെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റായി നിയമിതനാകുന്നത്.ഇറ്റലി, പൂനെ, യു.കെ. എന്നിവിടങ്ങളിലെ ടാറ്റയുടെ മൂന്ന് ഡിസൈന്‍ സെന്ററുകളില്‍ പ്രതാപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2021-ലെ വേള്‍ഡ് കാര്‍ പേര്‍സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പ്രതാപിനെ പരിഗണിച്ചിരുന്നു. മാര്‍ട്ടിന്‍ ഉല്‍ഹാരികാണ് ടാറ്റയുടെ പുതിയ ഡിസൈന്‍ വിഭാഗം മേധാവി. ടാറ്റ മോട്ടോഴ്‌സിന്റെ യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്റര്‍ കേന്ദ്രീകരിച്ചാണ് മാര്‍ട്ടിന്‍ പ്രവര്‍ത്തിക്കുന്നത്. 

2016-ലാണ് മാര്‍ട്ടിന്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഭാഗമാകുന്നത്. യു.കെയിലെ ഡിസൈന്‍ വിഭാഗത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. ടാറ്റയുടെ ഇംപാക്ട് 3 ജനറേഷന്‍ വാഹനങ്ങളുടെ ചുമതല മാര്‍ട്ടിനാണ്. ടാറ്റ മോട്ടോഴ്‌സ് സി.ഇ.ഒ, എം.ഡി. ഗുണ്ടര്‍ ബട്ട്ഷെക് ആണ് മാര്‍ട്ടിന്റെ പേര് നിര്‍ദേശിച്ചത്.

Content Highlights; Tata Motors Design Head Pratap Bose Resigned