മൂഹിക നന്മയ്ക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. ഈ കോവിഡ് കാലത്ത് ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള ടാറ്റ ഗ്രൂപ്പ് നടപ്പാക്കിയിട്ടുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ മോട്ടോഴ്‌സ് നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്ന സി.എസ്.ആര്‍. റിപ്പോര്‍ട്ട് പുറത്തുവന്നു.

ടാറ്റയുടെ വിവിധ സാമൂഹിക പദ്ധതികളില്‍ നിന്നായി 7.5 ലക്ഷത്തോളം ആളുകള്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഈ മഹാമാരി കലത്ത് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികള്‍, ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട 1.4 ലക്ഷത്തോളം ആളുകളെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ സി.എസ്.ആര്‍. റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ സിലണ്ടറുകള്‍ തുടങ്ങിയവയാണ് ടാറ്റ മോട്ടോഴ്‌സ് സംഭാവന ചെയ്തത്. ഇവയ്ക്ക് പുറമേ, മറ്റ് പല മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് നേതൃത്വം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ കാലഘട്ടത്തില്‍ 30,000 പേര്‍ക്കായി 3.4 ലക്ഷം പാകംചെയ്ത ഭക്ഷണം, 20,000 കുടുംബങ്ങള്‍ക്ക് റേഷന്‍, വിവിധ പോലീസ് സ്‌റ്റേഷനുകള്‍ക്കായി 30,000 യൂണിറ്റ് കുടിവെള്ളം എന്നിവ നല്‍കിയതായും സി.എസ്.ആര്‍. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ, ട്രക്ക് ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവയും ടാറ്റ മോട്ടോഴ്‌സ് നല്‍കിയിരുന്നു. 

രാജ്യത്തെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ വകയായി ഏഴ് കോടി രൂപയാണ് സംഭാവനയായി നല്‍കയത്. ടാറ്റ മോട്ടോഴ്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വിവിധ ആരോഗ്യ പദ്ധതിയിലൂടെ 3.8 ലക്ഷം ആളുകള്‍ക്ക് ചികിത്സ ഉറപ്പാക്കാനും 1.2 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Content Highlights: Tata Motors CSR Fund Report, Tata Motors Spend 7 Crore For Covid Rehabilitation