ടാറ്റയുടെ ഐതിഹാസിക എസ്.യു.വിയായ സഫാരി ഇന്ത്യന്‍ നിരത്തുകളിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ടീസറുകളും ഫോട്ടോകളും നല്‍കി ആരാധകരെ ആകാംക്ഷാഭരിതരാക്കാനും ടാറ്റ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, വരവ് അടുത്തതോടെ വാഹനത്തിന്റെ പൂര്‍ണ ചിത്രങ്ങളും ഉത്പാദനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ആദ്യ സഫാരിയുടെ ചിത്രവും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ പൂനെയിലുള്ള ടാറ്റയുടെ പ്ലാന്റിലാണ് ഈ എസ്.യു.വി. ഒരുങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ മോഡലാണ് ടാറ്റ ഇന്ന് പ്രദര്‍ശിപ്പിച്ചത്. ജനുവരി 26-നാണ് ഈ വാഹനം പുറത്തിറക്കുകയെന്നാണ് സൂചന. ഡിസൈന്‍ ശൈലി സംബന്ധിച്ച സൂചനകള്‍ നല്‍കുന്ന ടീസറുകളും ഇന്റീരിയറിന്റെയും സീറ്റുകളുടെയും പ്രത്യേകത വെളിപ്പെടുത്തുന്ന ചിത്രങ്ങളും ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയിരുന്നു.
ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് സഫാരി എസ്.യു.വിയും ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ടാറ്റ ഹാരിയര്‍ എസ്.യു.വിയുമായി രൂപത്തില്‍ സാമ്യമുള്ള വാഹനമാണ് സഫാരി. ബൈ ആരോ ഡിസൈനിലുള്ള ഗ്രില്ലാണ് ഹാരിയറില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. അതേസമയം, ഹെഡ്‌ലൈറ്റ്, ഡി.ആര്‍.എല്‍, ഫോഗ്‌ലാമ്പ്, ബംമ്പര്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം ഹാരിയറില്‍ നല്‍കിയിട്ടുള്ളതിന് സമാനമാണ്.
വശങ്ങളും പിന്‍വശവും കൂടുതല്‍ സ്റ്റൈലിഷാണ്. പുതിയ ഡിസൈനിലുള്ള ഡയമണ്ട് കട്ട് അലോയി വീലുകളും ക്രോമിയം സ്ട്രിപ്പില്‍ സഫാരി ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള റൂഫ് റെയിലുമാണ് വശങ്ങളിലെ സൗന്ദര്യം. ബോഡിയിലും ഹാച്ച്‌ഡോറിലേക്കും നീളുന്ന സ്പ്ലിറ്റ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പാണ് പിന്‍വശത്തിന്റെ ആകര്‍ഷണം. ഡോറിന് താഴെയായി നല്‍കിയിട്ടുള്ള സഫാരി ബാഡ്ജിങ്ങും സ്‌കിഡ് പ്ലേറ്റും ക്ലാഡിങ്ങും നല്‍കിയുള്ള ബമ്പറും സ്റ്റൈലിഷാണ്.
ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ചതുമായ ഒമേഗ പ്ലാറ്റ്ഫോമിലാണ് സഫാരിയും ഒരുങ്ങുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ഹാരിയറിന് കരുത്തേകുന്ന 2.0 ലിറ്റര്‍ ക്രെയോടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് സഫാരിയിലും പ്രവര്‍ത്തിക്കുക. ഇത് 170 ബി.എച്ച്.പി. പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷനൊരുക്കും.
Content Highlights: Tata Motors commences production of the new Safari