ന്ത്യയിലെ ഫ്‌ളീറ്റ് വാഹന ഉപയോക്താക്കളെ ലക്ഷ്യമാക്കി ടാറ്റ മോട്ടോഴ്‌സ് പുതിയ ബ്രാൻഡ് ഒരുക്കിയിരിക്കുകയാണ്. ടാറ്റ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രാൻഡിന് കീഴില്‍ വ്യവസായിക ആവശ്യങ്ങള്‍ക്കും വന്‍കിട ടാക്‌സി സേവനങ്ങള്‍ക്കും ഡെലിവറി സര്‍വീസിനായി ഉപയോഗിക്കുന്ന വാഹനങ്ങളും ഉള്‍പ്പെടെയുള്ള ഫ്‌ളീറ്റ് വാഹനങ്ങളായിരിക്കും വില്‍പ്പനയ്ക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഈ ബ്രാൻഡിന് കീഴില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. പുതിയ ബ്രാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിന് കീഴില്‍ വരുന്ന ആദ്യ വാഹനവും ടാറ്റ അവതരിപ്പിച്ചു. ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലായ ടിഗോറാണ് ഇതിലെ ആദ്യ വാഹനം. എന്നാല്‍, എക്‌സ്പ്രസ്-ടി ഇലക്ട്രിക് എന്നായിരിക്കും ഇതിന്റെ പേര്.

സര്‍ക്കാര്‍ സ്ഥാനപനങ്ങള്‍, കോര്‍പറേറ്റ് കമ്പനികള്‍ തുടങ്ങിയ എല്ലാ മേഖലയിലും മൊബിലിറ്റി സേവനം ഉറപ്പാക്കാനാണ് ഫ്‌ളീറ്റ് സേവനങ്ങള്‍ക്കായി പ്രത്യേകം വിഭാഗം ആരംഭിച്ചിട്ടുള്ളത്. വളരെ കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാനും മിതമായ മെയിന്റനന്‍സ് ചാര്‍ജ് ഉറപ്പാക്കാനും ടാറ്റ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് മേധാവി ഉറപ്പുനല്‍കി.

XPress-T

ഫ്‌ളീറ്റ് സര്‍വീസുകളെ ലക്ഷ്യമാക്കി എത്തുന്നതിനാല്‍ തന്നെ ഉയര്‍ന്ന റേഞ്ചിനൊപ്പം വേഗതയുള്ള ചാര്‍ജിങ്ങ് ഉറപ്പാക്കാന്‍ ഒപ്റ്റിമല്‍ ബാറ്ററി പാക്കുമാണ് എക്‌സ്പ്രസ്-ടി ഇലക്ട്രിക്കില്‍ നല്‍കുക. സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം വാഹന ഉടമയ്ക്ക് നേട്ടമുണ്ടാകണമെന്ന തീരുമാനത്തില്‍ നിന്നാണ് വാഹനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതെന്നാണ് ടാറ്റ അഭിപ്രായപ്പെടുന്നത്. 

ഇലക്ട്രിക് ടിഗോറില്‍ നല്‍കിയിരുന്നതിന് സമാനമായി രണ്ട് ബാറ്ററി പാക്കുകളിലാണ് എക്‌സ്പ്രസ്-ടിയും എത്തുന്നത്. 16.5kW ബാറ്ററി പാക്കുള്ള സ്റ്റാന്റേഡ് മോഡലും 21.5 kW  പാക്കുള്ള എക്‌സ്റ്റെന്റഡ് മോഡലിലുമാണ് ഈ വാഹനം എത്തുന്നത്. ഇത് യാഥാക്രമം 165 കിലോമീറ്ററും, 213 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം. 

ഈ വാഹനം 90 മുതല്‍ 110 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നത്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പ്രീമിയം ബ്ലാക്ക് ഇന്റീരിയര്‍ എന്നിവയാണ് ഈ വാഹനത്തിലുള്ളത്. എ.ബി.എസ്-ഇ.ബി.ഡി, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ സ്റ്റാന്റേഡ് ഫീച്ചറാണ്.

Content Highlights: Tata Motors Begins New Brand For Fleet Operation Vehicle; Tigor EV Re-branded Xpress-T