പരിസ്ഥിതി സുസ്ഥിരതയുടെ ഭാഗമായി വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് 'ഗോ ഗ്രീന്‍' പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി എന്‍.ജി.ഒ.കളുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്സ് ഒരു വാണിജ്യ വാഹനം വില്‍ക്കുകയോ ഏതെങ്കിലും ഒരു വാണിജ്യ വാഹനം ടാറ്റയുടെ അംഗീകൃത സര്‍വീസ് കേന്ദ്രത്തില്‍നിന്നോ ഡീലര്‍ വര്‍ക്ഷോപ്പില്‍ നിന്നോ സര്‍വീസ് നടത്തുകയോ ചെയ്യുമ്പോള്‍ ഒരു തൈ നടും.
കമ്പനി ചെടിയെ പരിപാലിക്കുകയും ഉപഭോക്താവിന് ഒരു സര്‍ട്ടിഫിക്കറ്റും തോട്ടത്തിന്റെ ജിയോടാഗ് ചെയ്ത സ്ഥലവുമായി ഒരു ലിങ്കും നല്‍കുകയും ചെയ്യുന്നു. അതുവഴി ഉപഭോക്താവിന് അതിന്റെ തല്‍സ്ഥിതി നിരീക്ഷിക്കാം. ഗോ ഗ്രീന്‍ പദ്ധതിയിലൂടെ 2030-ഓടുകൂടി പൂര്‍ണമായും പുനരുപയോഗ ഊര്‍ജം ലഭ്യമാക്കുകയാണ് ടാറ്റാ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.
പുതുതായി നട്ടുപിടിപ്പിക്കുന്ന ചെടികള്‍ നല്ല നിലയില്‍ വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, കൂടുതല്‍ ഫലവൃക്ഷത്തൈകള്‍, ഔഷധചെടികള്‍, തദ്ദേശിയമായി മറ്റ് മരങ്ങള്‍ എന്നിവ നട്ടുപിടിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായാണ് ടാറ്റ മോട്ടോഴ്‌സിന്റെ മേല്‍നോട്ടത്തിലുള്ള തോട്ടങ്ങള്‍ ഒരുങ്ങുന്നത്. ഇത് രാജ്യത്തിന്റെ വൃക്ഷസമ്പത്തിന് മുതല്‍ കൂട്ടാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പാരിസ്ഥിതിക സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റ മോട്ടോഴ്‌സ് എല്ലാ കാലത്തും പ്രാധാന്യം നല്‍കിയിട്ടുണ്ട്. സങ്കല്‍പ്പ് തരുവുമായി സഹകരിച്ച് നടപ്പാക്കുന്ന ഗോ ഗ്രീന്‍ പദ്ധതി ടാറ്റ മോട്ടോഴ്‌സിന്റെ അഭിമാന ഉദ്യമമാണ്. ഉപഭോക്താക്കളിലൂടെ തന്നെ മരം നടുകയും പരിചരിക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായ ഭാവിയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
പാരിസ്ഥിതിക ആഘാതം കുറച്ചുള്ള നവീനമായ പദ്ധതിയാണ് ടാറ്റ മോട്ടോഴ്‌സ് വിഭാവനം ചെയ്യുന്നത്. പുതുതായി പുറത്തിറങ്ങിയ ബി.എസ്-6 എന്‍ജിനില്‍ വാതക ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ളത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹാര്‍ദ ഇന്ധനങ്ങളിലുള്ള വാഹനങ്ങളും കമ്പനിയുടെ പരിഗണനയിലാണ്.
Content Highlights: Tata Motors Begins Go Green Initiative; To Plant A Tree For Every Vehicle Sold