ത്സവകാലം അടുത്തതോടെ നിരവധി ആനുകൂല്യങ്ങളുമായി വാഹന നിര്‍മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വില കിഴിവും സമ്മാനങ്ങളും തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ഒരുക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഓഫറാണ് ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ളത്.

ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങള്‍ക്കൊപ്പം ആഴ്ചയില്‍ ഭാഗ്യശാലിയായ ഉപയോക്താവിന് ഒരു ടാറ്റ ടിഗോര്‍ സമ്മാനമായി ലഭിക്കുന്ന ഓഫറാണ് ടാറ്റ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ ഒരോ വാഹനത്തിനും പ്രത്യേകം ക്യാഷ് ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്കായ ടിയാഗോയ്ക്ക് 40,000 രൂപ വരെയുള്ള ഓഫറാണ് നല്‍കുന്നത്. വില കുറഞ്ഞ സെഡാന്‍ എന്ന ഖ്യാതി സ്വന്തമാക്കിയ ടിഗോറിന് 73,000 രൂപയും കോംപാക്ട് സെഡാന്‍ മോഡലായ സെസ്റ്റിന് 83,000 രൂപ വരെയുമാണ് ഓഫര്‍ ഒരുക്കിയിട്ടുള്ളത്. 

ടാറ്റയ്ക്ക് ഏറെ നേട്ടമുണ്ടാക്കി നല്‍കിയ കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന് 57,000 രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംപിവി ശ്രേണിയിലുള്ള സഫാരി സ്റ്റോമിന് 87,000 രൂപയും ഹെക്‌സയ്ക്ക് 98,000 രൂപയുടെയും ഓഫറും കമ്പനി ഉറപ്പാക്കുന്നുണ്ട്.

ഒക്ടോബര്‍ 31 വരെയുള്ള പര്‍ച്ചേസുകള്‍ക്കാണ് സമ്മാന പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുകയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.