ന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. പുതിയ വില മെയ് എട്ടാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. മോഡലിനും വേരിയന്റിനും അനുസരിച്ച് 1.8 ശതമാനം വരെയായിരിക്കും വര്‍ധിപ്പിക്കുകയെന്നാണ് പ്രാഥമിക വിവരം. വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന കാര്യം അറിയിച്ചിട്ടില്ല. 

അതേസമയം, മെയ് ഏഴാം തിയതി വരെ വാഹനം ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് പഴയ വിലയില്‍ വാഹനം ലഭ്യമാക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഡീലര്‍മാരുടെയും വിതരണക്കാരുടെയും താത്പര്യം സംരക്ഷിക്കുന്നതിന് ടാറ്റയുടെ പുതിയ ബിസിനസ് പ്ലാനായ എജിലിറ്റി പ്ലാനിന്റെ ഭാഗമായാണ് വില വര്‍ധനവ് വരുത്തിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കല്‍ അറിയിച്ചിരിക്കുന്നത്. 

വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീലിന്റെയും മറ്റ് അസംസ്‌കൃത വസ്തുകളുടെയും വില ഉയര്‍ന്നത് വില വര്‍ധിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. ടാറ്റയുടെ വാഹനങ്ങളോട് കാണിക്കുന്ന സ്വീകാര്യത കമ്പനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര അറിയിച്ചു.

ഈ വര്‍ഷം രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങളുടെ വില ഉയര്‍ത്തുന്നത്. ജനുവരി മാസത്തില്‍ വിവിധ വാഹനങ്ങള്‍ക്ക് 26,000 രൂപ വരെ വില വര്‍ധിപ്പിച്ചിരുന്നു. ടാറ്റ മോട്ടോഴ്‌സിന് പുറമെ, ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി, ഫോര്‍ഡ്, ടൊയോട്ട തുടങ്ങിയ വാഹനങ്ങളും വില വര്‍ധിപ്പിച്ചിരുന്നു. 

അതേസമയം, കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ പില സ്ഥലങ്ങളിലേയും വാഹന നിര്‍മാണ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ടുണ്ട്. ഇതിനുപുറമെ, രാജ്യത്തെ പല ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളതിനാല്‍ കഴിഞ്ഞ മാസം വാഹന വില്‍പ്പനയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Tata Motors Announce Price Hike Of Its Passenger Vehicles