ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ജനപ്രിയ വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഈ മാര്‍ച്ച് മാസം. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന എല്ലാ മോഡലുകള്‍ക്കും കിടിലന്‍ ഓഫറുകളാണ് ടാറ്റ ഒരുക്കിയിട്ടുള്ളത്. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ എസ്.യു.വി. എന്നീ മോഡലുകള്‍ക്കാണ് പ്രധാനമായും ആനുകൂല്യം ഒരുക്കിയിട്ടുള്ളത്. അല്‍ട്രോസ്, സഫാരി എന്നീ വാഹനങ്ങളെ ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

കണ്‍സ്യൂമര്‍ സ്‌കീം, എക്‌സ്‌ചേഞ്ച് ഓഫര്‍, കോര്‍പറേറ്റ് സ്‌കീം എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ടാറ്റ മോട്ടോഴ്‌സിന്റെ മാര്‍ച്ച് ഓഫര്‍ നല്‍കുന്നത്. പ്രീമിയം മോഡലായ ഹാരിയറിനാണ് ഏറ്റവും വലിയ ആനുകൂല്യം ഒരുക്കുന്നത്. 25,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീം, 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഉള്‍പ്പെടെ 65,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഹാരിയര്‍ എസ്.യു.വി. സ്വന്തമാക്കുന്ന ഉപയോക്താക്കള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ളത്. 

ടാറ്റ ഹാരിയറിന്റെ പ്രത്യേക പതിപ്പായ കാമോ എഡിഷന്‍, ഡാര്‍ക്ക് എഡിഷന്‍, ഉയര്‍ന്ന വകഭേദങ്ങളായ XZ+, XZA+ എന്നിവയ്ക്കും ഈ ഓഫര്‍ നല്‍കുന്നില്ല. അതേസമയം, ഈ വാഹനം തിരഞ്ഞെടുക്കുന്നവര്‍ക്ക് 40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട് ഒരുക്കുന്നുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഈ വാഹനം തിരഞ്ഞെടുക്കുന്ന കോര്‍പറേറ്റുകള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനും ടാറ്റ മോട്ടോഴ്‌സ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ടാറ്റയുടെ ടോപ്പ് സെല്ലിങ്ങ് മോഡലുകളില്‍ ഒന്നായ നെക്‌സോണിനും ആകര്‍ഷകമായ ഓഫറാണ് ഒരുങ്ങിയിട്ടുള്ളത്. 15,000 രൂപയുടെ ഡിസ്‌കൗണ്ടാണ് നെക്‌സോണിന് നല്‍കുന്നത്. ഇതിനുപുറമെ, നെക്‌സോണിന്റെ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ എന്‍ജിന്‍ നെക്‌സോണിനെ ഇപ്പോള്‍ ഒരുക്കിയിട്ടുള്ള ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. 

ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോയ്ക്ക് 25,000 രൂപയുടെ ആനുകൂല്യമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 15,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീമും 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണ് ടിയാഗോയുടെ ഈ ഓഫര്‍. സെഡാന്‍ മോഡലായ ടിഗോറിന് 15,000 രൂപയുടെ കണ്‍സ്യൂമര്‍ സ്‌കീമും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ 30,000 രൂപയുടെ ആനുകൂല്യവും ഒരുക്കിയിട്ടുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Content Highlights: Tata Motors Announce March Offer Up To Rs 65000