ടാറ്റ മോട്ടോഴ്‌സ് എന്ന കമ്പനിയും അവരുടെ വാഹനങ്ങളും ഇപ്പോള്‍ ഇന്ത്യയിലെ ആളുകള്‍ക്ക് ഒരു വികാരമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടാറ്റ പുറത്തിറക്കിയിട്ടുള്ള വാഹനങ്ങളോടുള്ള പ്രതികരണത്തില്‍ ഇത് വ്യക്തമാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ പിന്തുണയില്‍ 40 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. 

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസാണ് 40 ലക്ഷം തികച്ച വാഹനം. 1988 മുതല്‍ ടാറ്റയില്‍ നിന്ന് പാസഞ്ചര്‍ വാഹനങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ എസ്.യു.വി മോഡലിലുള്ള വാഹനങ്ങളാണ് ടാറ്റ നിര്‍മിച്ചിരുന്നത്. ഇന്റിക്ക, സിയേറ, സുമോ, സഫാരി, നാനോ തുടങ്ങിയ മോഡലുകളായിരുന്നു ഒരു കാലഘട്ടത്തില്‍ ടാറ്റ മോട്ടോഴ്‌സ് നിരത്തിലെത്തിച്ചിരുന്നത്. 

എന്നാല്‍, 2020 ആയതോടെ ടാറ്റയുടെ വാഹനങ്ങളുടെ കെട്ടും മട്ടും മാറുകയും എല്ലാ ശ്രേണിയിലും വാഹനമെത്തുകയുമായിരുന്നു. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹെക്‌സ, ഹാരിയര്‍, അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക് കരുത്തില്‍ ടാറ്റയുടെ നെക്‌സോണ്‍, ടിഗോര്‍ മോഡലുകളും ചേര്‍ന്നാണ് ടാറ്റയുടെ വാഹനനിരയെ ശക്തിപ്പെടുത്തുന്നത്. 

1988-ല്‍ പാസഞ്ചര്‍ വാഹനമേഖലയില്‍ എത്തിയെങ്കില്‍ 2005-06-ലാണ് പത്ത് ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് 2015 ആയപ്പോഴേക്കും 30 ലക്ഷത്തിലെത്തുകയായിരുന്നു. എന്നാല്‍, ഈ മാസമാണ് 40 ലക്ഷം എന്ന നാഴികക്കല്ല് താണ്ടുന്നത്. ടാറ്റയുടെ വാഹനങ്ങള്‍ ഏറെ മികച്ച രീതിയില്‍ എത്തുന്നതും വലിയ സ്വീകാര്യത ലഭിക്കുന്നതിന്റെയും തെളിവാണ് ഈ നേട്ടം.

ഇന്ത്യയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണത്തിനായി മൂന്ന് പ്ലാന്റുകളാണ് ടാറ്റ മോട്ടോഴ്‌സിനുള്ളത്. പുനെ ചിക്കാലി, ഗുജറാത്തിലെ സനന്ദ്, രഞ്ച്ഗാവോണിലെ എഫ്.ഐ.എ.പി.എല്‍ എന്നിവിടങ്ങളിലാണ് പാസഞ്ചര്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ടാറ്റയുടെ വാഹനശ്രേണിക്ക് കരുത്തേകാന്‍ മൂന്ന് മോഡലുകളാണ് വൈകാതെ നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.

Content Highlights: Tata Motors Achieves the Milestone of Producing 4 Million Passenger Vehicles