ന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ക്ക് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. കാരണം, സുരക്ഷ മുഖമുദ്രയാക്കിയ വിദേശ വാഹനനിര്‍മാതാക്കള്‍ പോലും ഇന്ത്യയിലിറക്കിയ മോഡലുകള്‍ ക്രാഷ് ടെസ്റ്റില്‍ ദയനീയമായി പിന്തള്ളപ്പെട്ടപ്പോഴും ഇടിച്ചുനിന്നതും നേടിയതും ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ ടാറ്റയും മഹീന്ദ്രയുമൊക്കെയാണ്. 

ഇന്ധനക്ഷമതയും മറിച്ചുവില്‍ക്കുമ്പോള്‍ കൂടുതല്‍ വില ലഭിക്കുന്നതുമല്ലാതെ, ഇന്ത്യയിലെ ഉപയോക്താക്കളും വാഹനനിര്‍മാതാക്കളും സുരക്ഷയ്ക്ക് വേണ്ടത്ര പ്രധാന്യം നല്‍കാറില്ലെന്ന വാദവും പൊളിയുകയാണ്. സുരക്ഷ തെളിയിച്ച് ക്രാഷ് ടെസ്റ്റില്‍ നാലും അഞ്ചും സ്റ്റാര്‍ റേറ്റിങ്ങ് നേടിയ വാഹനങ്ങള്‍ക്കെല്ലാം ഇപ്പോള്‍ വലിയ ഡിമാന്റാണ്.

ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം ടാറ്റയുടെ നെക്‌സോണാണ്. പല അപകടങ്ങളിലും ഈ വാഹനം സുരക്ഷിതമായെന്ന വാര്‍ത്ത കൂടി വന്നതോടെ നെക്‌സോണിന് ആവശ്യക്കാര്‍ കൂടി. ഇപ്പോള്‍ തലമുറ മാറ്റത്തിനൊപ്പം സുരക്ഷ ഒരുക്കള്‍ കൂടി ശക്തമാക്കിയാണ് നെക്‌സോണ്‍ എത്തിയിരിക്കുന്നത്.

നെക്‌സോണിന്റെ ഉത്തമ എതിരാളിയാണ് എക്‌സ്‌യുവി 300 എന്ന കോംപാക്ട് എസ്‌യുവി. അടുത്തിടെ നടന്ന ക്രാഷ് ടെസ്റ്റില്‍ ഈ വാഹനവും അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി. ഇതും ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ മഹീന്ദ്രയില്‍ നിന്നുള്ള വാഹനമാണ്. ഈ ശ്രേണിയില്‍ മറ്റ് വാഹനങ്ങള്‍ക്കൊന്നും ഈ നേട്ടം സ്വന്തമായിട്ടില്ല.

ഇന്ത്യയിലെ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന ബഹുമതിയും ടാറ്റയുടെ അടുത്തിടെ പുറത്തിറങ്ങിയ അല്‍ട്രോസ് എന്ന വാഹനത്തിനാണ്. ഏറ്റവുമധികം വിദേശ വാഹനങ്ങള്‍ ഉള്ള ശ്രേണിയായിരുന്നിട്ടുപോലും ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടിയത് ഒരു ഇന്ത്യന്‍ വാഹനമാണെന്നത് ശ്രദ്ധേയമാണ്.

ഈ മൂന്ന് ഇന്ത്യന്‍ വാഹനങ്ങളാണ് അഞ്ച് സ്റ്റാര്‍ റേറ്റിങ്ങിനുടമകള്‍. അതേസമയം, നാല് സ്റ്റാര്‍ റേറ്റിങ്ങുകള്‍ സ്വന്തമാക്കിയ വാഹനങ്ങളും നിരവധിയാണ്. ടാറ്റയുടെ ചെറിയ വാഹനങ്ങളായ ടിയാഗോ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിനുടമകളാണ്. മഹീന്ദ്രയുടെ എംപിവി വാഹനമായ മരാസോയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രധാന വാഹനനിര്‍മാതാക്കളായ മാരുതിയുടെ വാഹനങ്ങള്‍ക്കും സുരക്ഷയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. മാരുതി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മാരുതി എര്‍ട്ടിഗയുടെ ഏറ്റവും പുതിയ പതിപ്പ് ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങും വാഗണ്‍ആര്‍ രണ്ട് സ്റ്റാര്‍ റേറ്റിങ്ങും നേടിയിരുന്നു.

Source: News18

Content Highlights: Tata, Mahindra, Maruti; India's Most Safest Cars