ടാറ്റ പുറത്തുവിട്ട ടീസർ | Photo: Tata Motors Cars
ടാറ്റ മോട്ടോഴ്സിന്റെ എക്കാലത്തെയും വിശ്വസ്ത മോഡലുകളില്‍ ഒന്നായ സഫാരി എസ്.യു.വി. നിരത്തുകളിലേക്ക് തിരിച്ചെത്തുന്നു. ഗ്രാവിറ്റാസ് എന്ന പേരില്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനമാണ് സഫാരിയായി നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ഏഴ് സീറ്റര്‍ എസ്.യു.വിയായി എത്താനൊരുങ്ങുന്ന ഈ വാഹനം റിപ്പബ്ലിക്ക് ദിനത്തില്‍ (ജനുവരി 26) അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരത്തുകളില്‍ ടാറ്റയുടെ എസ്.യു.വി.സൗന്ദര്യമായിരുന്ന സഫാരി ഇന്ത്യന്‍ സൈന്യത്തിന്റെയും ഭാഗമായിരുന്നു. മാരുതിയുടെ ജിപ്സിക്ക് പകരക്കാരനായായിരുന്നു സഫാരി സൈന്യത്തിന്റെ ഭാഗമായത്. ഇന്ത്യയില്‍ എസ്.യു.വി. എന്ന ശ്രേണിക്ക് തുടക്കമിട്ട വാഹനങ്ങളിലൊന്നായ സഫാരി 1998-ലാണ് നിരത്തുകളില്‍ എത്തിയത്. 21 വര്‍ഷം റോഡിലും ഓഫ് റോഡിലും ഒരുപോലെ കുതിച്ച ഈ വാഹനം 2019-ല്‍ നിരത്തുകളോട് വിടപറയുകയായിരുന്നു.
ഇന്ത്യയിലെ പുതുതലമുറ എസ്.യു.വി. ആരാധാകരെയും ഉപയോക്താക്കളെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഡിസൈനിലും നവീനമായ രൂപത്തിലുമായിരിക്കും സഫാരി നിരത്തുകളില്‍ എത്തുകയെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര അറിയിച്ചു. ഈ മാസം ഒടുവില്‍ വിപണിയില്‍ എത്തുന്ന ഈ എസ്.യു.വിയുടെ ബുക്കിങ്ങ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
ടാറ്റയുടെ അഞ്ച് സീറ്റര്‍ എസ്.യു.വിയായ ഹാരിയറിന് അടിസ്ഥാനമൊരുക്കുന്നതും ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ചതുമായ ഒമേഗ പ്ലാറ്റ്ഫോമിലാണ് സഫാരി എസ്.യു.വിയും ഒരുങ്ങുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. മൂന്ന് നിരകളിലായി ആറ്, ഏഴ് സീറ്റ് വേരിയന്റുകളില്‍ സഫാരിയും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഴ്ച്ചയില്‍ ഹാരിയറിന് സമാനമായിരിക്കും സഫാരിയും.
ഹാരിയറിന് കരുത്തേകുന്ന 2.0 ലിറ്റര്‍ ക്രെയോടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും സഫാരിയിലും പ്രവര്‍ത്തിക്കുക. ഇത് 170 ബി.എച്ച്.പി. പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്സ്മിഷനൊരുക്കും. മഹീന്ദ്ര എക്സ്.യു.വി 500, എം.ജി. ഹെക്ടര്‍ പ്ലസ്, വാരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ സെവന് സീറ്റര്‍ എന്നിവയായിരിക്കും സഫാരിയുടെ എതിരാളികള്‍.
Content Highlights: Tata Launch Iconic Safari SUV In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..