ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ മോഡലുകളായ ഹാരിയര്‍, നെക്‌സോണ്‍, നെക്‌സോണ്‍ ഇ.വി, അല്‍ട്രോസ് എന്നീ വാഹനങ്ങളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡാര്‍ക്ക് എഡിഷന്‍ ഹാരിയറിന് 18.04 ലക്ഷം, നെക്‌സോണ്‍ ഇ.വിക്ക് 15.99 ലക്ഷം, നെക്‌സോണിന് 10.40 ലക്ഷം, അല്‍ട്രോസിന് 8.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. 

ടാറ്റയുടെ പ്രീമിയം എസ്.യു.വി. മോഡലായ ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഇത് ലിമിറ്റഡ് എഡിഷന്‍ പതിപ്പായാണ്‌ എത്തിയത്. ഇത്തവണ ഹാരിയര്‍ നിരയിലെ ഒരു പതിപ്പായാണ് ഇത് എത്തുന്നത്. അതേസമയം, അല്‍ട്രോസ്, നെക്‌സോണ്‍, നെക്‌സോണ്‍ ഇ.വി. എന്നിവയുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് ഇതാദ്യമായാണ് എത്തുന്നത്. 

അല്‍ട്രോസിന്റെ ZX+ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഡാര്‍ക്ക് എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ എന്‍.എ. പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഡാര്‍ക്ക് എഡിഷന്‍ എത്തുന്നുണ്ട്. കോസ്‌മോ ഡാര്‍ക്ക് കളറാണ് എക്‌സ്റ്റീരിയറിലുള്ളത്. മുന്നിലെ ഫെന്‍ഡറില്‍ ഡാര്‍ക്ക് ലോഗോയും നല്‍കിയിട്ടുണ്ട്. അകത്തളത്തിന്റെ ഭാവവും ബ്ലാക്കാണ്.

Tata Altroz

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി XZ+, XZA+, XZ+(O).  XZA+(O) എന്നീ നാല് വേരിയന്റിലാണ് നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന്‍ എത്തുന്നത്. അറ്റ്‌ലസ് ബ്ലാക്കാണ് നെക്‌സോണിന്റെ എക്‌സ്റ്റീരിയര്‍ കളര്‍. ഡാര്‍ക്ക് എഡിഷന്‍ ബാഡ്ജിങ്ങിനൊപ്പം സോണിക്ക് സില്‍വര്‍ ബെല്‍റ്റ് ലൈനും ഈ പതിപ്പിനെ അലങ്കരിക്കുന്നുണ്ട്. ട്രൈ-ആരോ പാനലുകളുള്ള ഡാഷ്‌ബോര്‍ ലെതര്‍ സീറ്റ് എന്നിവ അകത്തളത്തുമുണ്ട്. 

Tata Nexon

നെക്‌സോണ്‍ ഇ.വിയുടെ XZ+. XZ+ LUX എന്നീ വേരിയന്റുകളാണ് ഡാര്‍ക്ക് എഡിഷനായി മാറിയിട്ടുള്ളത്. മിഡ്‌നൈറ്റ് ബ്ലാക്ക് നിറമാണ് ഈ മോഡലിന് നല്‍കിയിട്ടുള്ളത്. റെഗുവര്‍ ഇലക്ട്രിക് വാഹനത്തില്‍ നല്‍കിയിട്ടുള്ള ബ്ലൂ ആക്‌സെന്റുകള്‍ ഇതിലുമുണ്ട്. ലെതര്‍ സീറ്റില്‍ ബ്ലൂ സ്റ്റിച്ചിങ്ങുകള്‍ നല്‍കിയാണ് അകത്തളം അലങ്കരിച്ചിട്ടുള്ളത്. ട്രൈ-ആരോ തീമുകളും അകത്തളം അലങ്കരിക്കുന്നുണ്ട്.

Tata Harrier

ഹാരിയറിന്റെ ഉയര്‍ന്ന വകഭേദങ്ങളായ XT+, XZ+, XZA+ എന്നിവയാണ് ഡാര്‍ക്ക് എഡിഷനായിരിക്കുന്നത്. ഒബ്‌റോണ്‍ ബ്ലാക്കാണ് ബോഡിയുടെ നിറം. 18 ഇഞ്ച് ബ്ലാക്ക് സ്‌റ്റോണ്‍ അലോയി വീല്‍, പിയോനോ ബ്ലാക്ക് ഫിനീഷ് ഹാരിയര്‍ ബാഡ്ജ് എന്നിവയാണ് പുറം ഭാഗത്തിന് മോടിപിടിപ്പിക്കുന്നത്. ഡാര്‍ക്ക് ക്രോമാണ് ഇന്റീരിയറിന്റെ ഭാവം. ലെതര്‍ ആവരണത്തിനൊപ്പം ഡാര്‍ക്ക് എന്ന് ആലേഖനം ചെയ്ത സീറ്റാണ് ഇതിലുള്ളത്.

Content Highlights: Tata Launch Dark Edition Of Harrier, Nexon and Altroz