ടാറ്റയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന വാഹനമായ ഹാരിയറിന്റെ പ്രധാന ആകര്‍ഷണം അതിലെ ക്രയോടെക് എന്‍ജിനാണ്. മികച്ച കരുത്തുള്‍പ്പെടെ നിരവധി സവിശേഷത അവകാശപ്പെടാനുള്ള ക്രയോടെക് എന്‍ജിന്‍ തന്നെ ടാറ്റയുടെ എംപിവിയായ ഹെക്‌സയ്ക്കും നല്‍കാനൊരുങ്ങുന്നു. 

ഉയര്‍ന്ന കരുത്തും പിക്കപ്പും നല്‍കാന്‍ കഴിയുന്നതും ടെറൈന്‍ റെസ്പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ എന്നിവയാണ് 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്റെ പ്രത്യേകത. 

2.2 ലിറ്റര്‍ വാരികോര്‍ എന്‍ജിനാണ് മുമ്പ് ഈ വാഹനത്തില്‍ നല്‍കിയിരുന്നത്. 154 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ക്രയോടെക് എന്‍ജിന്റെ പ്രകടനം കണക്കിലെടുത്താണ് ഹെക്‌സയ്ക്കും ഈ എന്‍ജിന്‍ നല്‍കുന്നത്. 

ഹാരിയറില്‍ നല്‍കിയിരിക്കുന്ന 2.0 ലിറ്റര്‍ ക്രയോടെക് എന്‍ജിന്‍ 138 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത വര്‍ഷം ടാറ്റ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുള്ള ഹാരിയര്‍ സെവന്‍ സീറ്ററില്‍ 178 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ക്രയോടെക് എന്‍ജിനായിരിക്കും നല്‍കുക. 

ടാറ്റയുടെ നിരത്തൊഴിഞ്ഞ മോഡലായ ആര്യയുടെ പ്ലാറ്റ്‌ഫോമിലെത്തിയ വാഹനമാണ് ഹെക്‌സ. സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ആര്യയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന മാസീവ് ലുക്കുള്ള വാഹനമാണ് ഹെക്സ.

ബേസ് വേരിയന്റ് മുതല്‍ ടോപ് ഫീച്ചേര്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേസ് വേരിയന്റ് XE-യില്‍ എബിഎസ്, ഇബിഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക്, ആള്‍ വീല്‍ പവര്‍ വിന്‍ഡോ, മാനുവല്‍ എസി, 12V പവര്‍ സോക്കറ്റ്, തുടങ്ങി നൂതന സംവിധാനങ്ങളെല്ലാം കമ്പനി നല്‍കിയിട്ടുണ്ട്. 

മൂഡ് ലൈറ്റിങ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ ടോപ് വേരിയന്റിലുമുണ്ട്. പുതിയ ടാറ്റാ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്‌ട്രൈപ്പുകളും പരമ്പരാഗത ടാറ്റ മുഖത്തില്‍ നിന്ന് അല്‍പം മാറ്റം നല്‍കുന്നു.

Content Highlights: Tata Hexa To Share Kryotec Diesel Engine With Harrier