വര്‍ഷം തുടക്കത്തില്‍ വിപണിയിലെത്തിയ ടാറ്റ ഹെക്‌സയ്ക്ക് പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് കമ്പനി പുറത്തിറക്കി. ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ എന്ന പേരിലാണ് എംപിവി ഹെക്‌സയുടെ പുതിയ ലിമിറ്റഡ് എഡിഷന്റെ എന്‍ട്രി. ആബ്‌സല്യൂട്ട്, ഇന്‍ഡള്‍ജ്‌ എന്നീ രണ്ട് പാക്കേജുകളില്‍ വാഹനം സ്വന്തമാക്കാം. മുന്‍മോഡലില്‍ നിന്ന് ആകെ 15 മാറ്റങ്ങള്‍ ഇതിലുണ്ട്. ഹെക്‌സയുടെ എല്ലാ വേരിയന്റുകളിലും പാക്കേജ് ലഭ്യമാകും. 12.18 ലക്ഷം രൂപയാണ് ഡൗണ്‍ടൗണ്‍ ഹെക്‌സയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. 

ഹെഡ്‌ലാംമ്പിന് ചുറ്റുമുള്ള ക്രോം ഫിനിഷ്, ഡൗണ്‍ടൗണ്‍ ബാഡ്ജ്, സൈഡ് സ്റ്റെപ്പ്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിങ്, പ്രീമിയം സീറ്റ് കവര്‍, സ്റ്റൈലിഷ് അലോയി വീല്‍, കാര്‍പെറ്റ് കിറ്റ് എന്നിവ ലിമിറ്റഡ് എഡിഷനിലുണ്ടാകും. പുതിയ അര്‍ബന്‍ ബ്രോണ്‍സ് നിറത്തിലാണ് എക്‌സ്റ്റീരിയര്‍. 

റഗുലര്‍ ഹെക്‌സയുടെ അതേ 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഡൗണ്‍ടൗണിനും കരുത്തേകുക. XE ബേസ് വേരിയന്റ് 148 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും, 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. XM, XT എന്നിവ 154 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക.

Content Highlights: Tata HexaDowntownUrbanEdition, Tata Hexa, HexaDowntownUrbanEdition, Hexa, New Hexa, Downtown Hexa