കോംപാക്ട് എസ്.യു.വിയെക്കാള്‍ കുഞ്ഞന്‍, ഹാച്ച്ബാക്കുകളെക്കാള്‍ അല്‍പ്പം വലിയവന്‍, ഇത്തരം ഒരു വാഹനത്തിന്റെ പണിപ്പുരയിലാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. നിര്‍മാതാക്കള്‍ ഈ വാഹനത്തിന് നല്‍കാന്‍ ഉദേശിക്കുന്ന രൂപം 2020-ലെ ഓട്ടോ എക്‌സ്‌പോയില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് അനുസരിച്ച് നിര്‍മാണം ഏറെകുറെ പൂര്‍ത്തിയായതായാണ് വിവരം.

അടുത്തിടെ ടാറ്റയുടെ ഒരു കുഞ്ഞന്‍ എസ്.യു.വി. മൂടിക്കെട്ടിയ നിലയില്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും ഏറെ വൈകാതെ തന്നെ ഈ കുഞ്ഞന്‍ എസ്.യു.വിയെ നിരത്തുകളില്‍ പ്രതീക്ഷിക്കാന്‍ സാധിക്കുമെന്നുമുള്ള പ്രതീക്ഷകള്‍ക്ക് ജീവന്‍ വെച്ചിരിക്കുന്നത്. 

ടാറ്റ എച്ച്.ബി.എക്‌സ്. എന്ന കോഡ്‌നെയിം നല്‍കിയാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് നിര്‍മിക്കുന്നത്. ടാറ്റയുടെ പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായി ആകര്‍ഷകമായ ഡിസൈനില്‍ തന്നെയാണ് ഈ മിനി എസ്.യു.വിയും ഒരുങ്ങുന്നത്. ബമ്പറില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റ്.

Tata HBX

ടാറ്റയുടെ ചെറിയ കാറുകള്‍ക്ക് സമാനമാണ് അകത്തളം. കുത്തനെയുള്ള ഡാഷ്‌ബോര്‍ഡാണ് ഇതിലുള്ളത്. വലിപ്പം കുറഞ്ഞ ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, അനലോഗ് ഇന്‍ഫോടെയ്ന്‍മെന്റ് ക്ലെസ്റ്റര്‍, ടിയാഗോയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ സ്റ്റിയറിങ്ങ് വീല്‍, ഫാബ്രിക് സീറ്റുകള്‍ എന്നിവയാണ് അകത്തളത്തില്‍ ഒരുക്കിയിരിക്കുന്നത്. 

ടാറ്റയുടെ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനായിരിക്കും എച്ച്.ബി.എക്‌സിന്റെ ഹൃദയമെന്നാണ് സൂചന. ടിയാഗോയിലും ടിഗോറിലും ഈ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 85 പി.എസ്. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഒട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Tata HBX Small SUV Caught Testing In India