ഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റയുടെ പവലിയനില്‍ മസില്‍ പെരുപ്പിച്ച നിന്ന ഒരു വാഹനമുണ്ടായിരുന്നു. രൂപം കൊണ്ട് കാഴ്ചക്കാരെ ആകര്‍ഷിച്ച HBX എന്ന മിനി എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡല്‍. നിര്‍മാണം പൂര്‍ത്തിയാക്കി ഈ ഉത്സവ സീസണിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരവ് 2021-ലേക്ക് നീണ്ടതായി പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഇന്ത്യ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഈ വാഹനത്തിന്റെ വരവ് നീട്ടിയതെന്നാണ് വിവരം. 2021-ഏപ്രില്‍ മാസത്തിന് ശേഷമായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുകയെന്നാണ് സൂചന. അതേസമയം, കണ്‍സെപ്റ്റ് മോഡലില്‍ കാര്യമായ ഡിസൈനില്‍ മാറ്റം വരുത്താതെയായിരിക്കും HBX പ്രൊഡക്ഷന്‍ പതിപ്പ് നിരത്തിലെത്തിക്കുകയെന്ന് ടാറ്റ ഉറപ്പിക്കുന്നുണ്ട്. 

വലിയ എസ്‌യുവിയുടെ തലയെടുപ്പാണ് ഈ വാഹനത്തിനുള്ളത്. നെക്‌സോണില്‍ നിന്നും ഹാരിയറില്‍ നിന്നും കടമെടുത്തതാണ് മുന്‍വശം. നേര്‍ത്ത ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയിലാണ് ഈ മിനി എസ്യുവിയുടെ മുന്‍വശം ഒരുങ്ങിയിട്ടുള്ളത്. 

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് ബി പില്ലര്‍, എന്നിവ വശങ്ങളെയും വശങ്ങളിലേക്ക് നീളുന്ന ടെയ്ല്‍ ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുല്‍ ടോണ്‍ ബമ്പറും, റൂഫ് റെയിലും പിന്‍വശത്തെയും കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. കണ്‍സെപ്റ്റ് മോഡലില്‍ ഡ്യുവല്‍ ടോണ്‍ റൂഫും ക്യാരിയറും നല്‍കിയിട്ടുണ്ട്.

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുള്ള ഇന്റീരിയറാണ് HBXല്‍ ഉള്ളത്. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. 85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം നിരത്തിലെത്തുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.

Content Highlights: Tata HBX Mini SUV Launch Postponed To Next Year