-
ഇന്ത്യന്‍ നിരത്തുകളിലെത്തുന്നതില് സുരക്ഷയും കരുത്തും ഉറപ്പാക്കിയിട്ടുള്ള വാഹനമാണ് ടാറ്റയുടെ എസ്യുവി മോഡലായ ഹാരിയര്‍. ഭരണതലങ്ങളില്‍ ഔദ്യോഗിക വാഹനമായി ഇടം നേടിത്തുടങ്ങിയ ഈ വാഹനം സുരക്ഷാ വാഹനത്തിന്റെ റോളിലുമെത്തുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയുടെ സുരക്ഷ വാഹനവ്യൂഹത്തിലാണ് ടാറ്റ ഹാരിയര്‍ പുതുതായി ഇടംനേടിയിരിക്കുന്നത്.
വിദേശ നിര്‍മിത ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഹനങ്ങളും മെഴ്സിഡീസ് ജിഎല്‍എസ് മോഡലുകളിലുമാണ് ഉദ്ധവ് താക്കറെ യാത്ര ചെയ്യുന്നതെങ്കിലും അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളാണെന്നത് ശ്രദ്ധേയമാണ്. 2019-ല്‍ നിര്‍മിച്ച ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഹാരിയറുകളാണ് അദ്ദേഹത്തിന്റെ സുരക്ഷ വാഹനങ്ങളിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന.
സുരക്ഷ വാഹനങ്ങളിലേക്ക് എത്തിയിട്ടുള്ളത് ഹാരിയറില്‍ ഫോഗ് ലാമ്പുകള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇവ ഹാരിയറിന്റെ അടിസ്ഥാന വേരിയന്റായ എക്സ്ഇയാണെന്നാണ് വിലയിരുത്തല്‍. ഹാരിയറിന്റെ അടിസ്ഥാന വേരിയന്റിന് അറ്റ്ലസ് ബ്ലാക്ക് ഫിനീഷിങ്ങ് നല്കി പ്രത്യേകമായി നിര്‍മിച്ച വാഹനങ്ങളാണ് പൈലറ്റ് വാഹനങ്ങളായി എത്തിയിട്ടുള്ളതെന്നാണ് സൂചന.
ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. 4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും 2741 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 205 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 1675 കിലോഗ്രമാണ് ഭാരം.
ബിഎസ്-4 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് ഹാരിയര്‍ പുറത്തിറങ്ങിയത്. ഇത് 140 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ എന്‍ജിന്റെ പവര്‍ 170 പിഎസ് ആയി ഉയര്‍ത്തിയിട്ടുണ്ട്. ആറ് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് എന്നിവ ഇതില്‍ ട്രാന്സ്മിഷന് ഒരുക്കും.
Content Highlights: Tata Harrier Used For Maharashtra CM,s Security Vehicle Fleet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..