റെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ വാഹനലോകം ടാറ്റയുടെ പുതിയ എസ്.യു.വി. ഹാരിയറിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കാതോര്‍ക്കുന്നത്. ഇക്കഴിഞ്ഞ ഇന്ത്യ ഓട്ടോ എക്‌സ്പോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട എസ്.യു.വി.യുടെ സാങ്കല്‍പ്പിക വാഹനം പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പ് അതിന്റെ സാങ്കേതിക വിവരങ്ങള്‍ പതുക്കെ കമ്പനി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. 

ഇപ്പോഴിതാ ഹാരിയറിലെ എന്‍ജിന്‍ വിവരങ്ങളാണ് ടാറ്റ പ്രസിദ്ധപ്പെടുത്തിയത്. തങ്ങളുടെ പുതിയ എന്‍ജിനായ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ആഗോളതലത്തിലുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ ഒത്തുചേരുന്നതാണ് തങ്ങളുടെ പുതിയ എന്‍ജിനെന്നാണ് ടാറ്റ വ്യക്തമാക്കുന്നത്. കുറഞ്ഞ കാര്‍ബണ്‍ നിര്‍ഗമനം ഉറപ്പുനല്‍കുന്നതാണ് ഈ ഫോര്‍ സിലിന്‍ഡര്‍ എന്‍ജിന്‍. ടാറ്റയുടെ മള്‍ട്ടി ഡ്രൈവ് മോഡുകള്‍കൂടി ചേരുമ്പോള്‍ ഹാരിയറിന് പകരംവെയ്ക്കാന്‍ ആരുമുണ്ടാവില്ലെന്ന് ടാറ്റ ഇപ്പോള്‍ ത്തന്നെ ഉറപ്പിക്കുന്നു. 

ടെറൈന്‍ റെസ്പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ (ഇ.വി.ജി.ടി.)യും ചേരുന്നതോടെ കരുത്തും പിക്കപ്പും വര്‍ദ്ധിക്കുന്നു. വിവിധ കാലാവസ്ഥകളിലും പരിസ്ഥിതികളിലും പരീക്ഷിച്ച് വിജയം കൈവരിച്ചിട്ടുണ്ട് ഈ എന്‍ജിന്‍.

ഇത് ആരാധകരെ സാക്ഷ്യപ്പെടുത്താന്‍ വീഡിയോകളും പുറത്തുവിട്ടു. കഠിന പ്രതലങ്ങള്‍ മികവോടെ പിന്നിടുന്ന ഹാരിയറാണ് വീഡിയോയില്‍. പരീക്ഷിച്ച് വിജയിച്ച പുത്തന്‍ ഒമേഗ ആര്‍ക് അടിത്തറ ഏതു സന്ദര്‍ഭവും നേരിടാന്‍ പ്രാപ്തമാണെന്ന് ടാറ്റ പറയുന്നു. ഇതിനോടകം 22 ലക്ഷം കിലോമീറ്റര്‍ ഹാരിയര്‍ വിജയകരമായി പരീക്ഷണയോട്ടത്തില്‍ പിന്നിട്ടുകഴിഞ്ഞു. അടുത്തവര്‍ഷം ജനുവരിയില്‍ ഹാരിയര്‍ വിപണിയിലെത്തും. 

ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ കമ്പനി ഒരുക്കുന്നുണ്ട്. ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ജാഗ്വര്‍ ഇപേസ്‌, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്.

ഇംപാക്ട് 2.0 ഡിസൈനിലിറങ്ങുന്ന ആദ്യ മോഡലാകും ഹാരിയര്‍. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. 13 മുതല്‍ 18 ലക്ഷം രൂപവരെ വില പ്രതീക്ഷിക്കാം. എന്നാല്‍, ടാറ്റയായതുകൊണ്ട് വിലയില്‍ അത്ഭുതം പ്രതീക്ഷിക്കാവുന്നതാണ്. 

Content Highlights; Tata Harrier to receive different drive modes with Terrain Response System