ടാറ്റ വാഹനങ്ങളുടെ ഡിസൈന്‍ മാറ്റത്തെ ഇന്ത്യയിലെ ജനങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചത് ഹാരിയര്‍ എന്ന എസ്.യു.വിയുടെ വരവോടെയാണ്. മികച്ച സ്‌റ്റൈല്‍ കൊണ്ടും ഫീച്ചര്‍ സമ്പന്നത കൊണ്ടും ആരാധാകരെ സൃഷ്ടിക്കുമ്പോഴും ഈ വാഹനത്തിന് പെട്രോള്‍ മോഡല്‍ അന്യമായിരുന്നു. ഈ കുറവ് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് എന്നാണ് റിപ്പോര്‍ട്ട്.

1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഹാരിയറിന്റെ പെട്രോള്‍ മോഡലിന്റെ ഹൃദയം. നെക്‌സോണില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടര്‍ബോ എന്‍ജിന്റെ നാല് സിലിണ്ടര്‍ പതിപ്പായിരിക്കും ഈ എന്‍ജിനെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം നല്‍കുന്ന ഈ എന്‍ജിന് 150 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഹാരിയറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ പരീക്ഷണയോട്ടം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2021-ന്റെ തുടക്കത്തില്‍ തന്നെ ഈ വാഹനം വിപണിയില്‍ എത്തിയേക്കും. ഇതിനുപുറമെ, ഹാരിയറിന്റെ ഹൈബ്രിഡ് മോഡലും ഭാവിയില്‍ സംഭവിച്ചേക്കാം. ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പായി എത്തുന്ന ഗ്രാവിറ്റാസ് എന്ന മോഡലിലും ഇതേ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക.

എം.ജി ഹെക്ടറാണ് ടാറ്റ ഹാരിയറിന്റെ പ്രധാന എതിരാളി. ഹെക്ടര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തുമ്പോള്‍ ഹാരിയര്‍ ഡീസല്‍ എന്‍ജിന്‍ മാത്രമാണ് എത്തിയിരുന്നത്. ഇതിനുപുറമെ, ഹെക്ടറിനെക്കാള്‍ വിലയും കൂടുതല്‍. എന്നാല്‍, പെട്രോള്‍ മോഡല്‍ എത്തുന്നതോടെ ഹെക്ടറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഹാരിയര്‍ വിപണിയില്‍ എത്തിയേക്കും. 

ഈ വര്‍ഷം ആദ്യം ഹാരിയറിന്റെ ഡിസൈനില്‍ ചെറിയ മിനുക്കുപണികള്‍ വരുത്തിയിരുന്നു. അതിനാല്‍ തന്നെ ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്താതെയാണ് പെട്രോള്‍ മോഡല്‍ എത്തിക്കുക. ഒടുവിലെ മുഖംമിനുക്കലോടെയാണ് ഡ്യുവല്‍ ടോണ്‍, 17 ഇഞ്ച് അലോയി വീല്‍, പനോരമിക് സണ്‍ റൂഫ്, ഓട്ടോ ഡിമ്മിങ്ങ് റിയര്‍വ്യൂ മിറര്‍ തുടങ്ങിയവ കൂടുതല്‍ വേരിയന്റില്‍ നല്‍കിയത്.

Source: RushLane

Content Highlights: Tata Harrier To Get Powerful Petrol Engine