ടാറ്റയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രീമിയം കോംപാക്ട് എസ്‌യുവി ഹാരിയര്‍ കേരളത്തിലുമെത്തി. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഈ വാഹനം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് നിരത്തിലെത്തുന്നത്. 

ടാറ്റാ മോട്ടോഴ്സിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ്‌റോവറിന്റെ ഡി8 പ്ലാറ്റ്ഫോമില്‍ ഒമേഗ ആര്‍ക്കിടെക്ചറിലാണ് കോംപാക്ട് എസ്.യു.വി.യായ 'ഹാരിയര്‍' ഒരുക്കിയിരിക്കുന്നത്. 12.69 ലക്ഷം മുതല്‍ 16.39 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്‌സ്-ഷോറൂം വില.

രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിന്. ലിറ്ററിന് 16.79 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന. നാല് പതിപ്പുകളില്‍ അഞ്ച് നിറങ്ങളിലാണ് ഹാരിയര്‍ നിരത്തിലെത്തുന്നത്. ബുക്ക് ചെയ്തവര്‍ക്ക് വൈകാതെ വാഹനം വീട്ടിലെത്തിക്കാമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: TATA Harrier SUV Launched In Kerala