സ്വന്തം നിരത്തില്‍ വിദേശികളുടെ ആധിപത്യം വര്‍ഷങ്ങളായി ടാറ്റയെ അസ്വസ്ഥരാക്കുന്നുണ്ട്. വിദേശികളുടെ കുതിപ്പ് തടയാന്‍ ടാറ്റ നിരവധി പോരാളികളെ എത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍, ചില വിദേശികളെ കൂട്ടുപിടിച്ച് നിരത്ത് തിരിച്ചുപിടിക്കുകയാണ് ടാറ്റ.

ഇത്തരത്തില്‍ കരുത്ത് കാണിക്കുന്നതിന്റെ ഭാഗമായി ടാറ്റ പുറത്തിറക്കാനൊരുങ്ങുന്ന പുതിയ എസ്‌യുവിയാണ് ഹാരിയര്‍. നിരത്തുപിടിക്കാന്‍ ടാറ്റ പുറത്തിറക്കുന്ന ഹാരിയറിന്റെ ഡിസൈന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ടാറ്റ അടുത്തിടെ പുറത്തുവിട്ടിരുന്നു. 

Tata Harrier

കാര്യക്ഷമതയിലും, സാങ്കേതികവിദ്യയിലും, സ്റ്റൈലിനും ഒരുപോലെ പ്രധാന്യം നല്‍കി പുറത്തിറക്കിയിരിക്കുന്ന ഹാരിയര്‍ നിലവില്‍ നിരത്തിലുള്ള എസ്‌യുവികള്‍ക്ക് കനത്ത മത്സരം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈനില്‍ ലാന്‍ഡ് റോവറിന്റെ'ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്' ആര്‍ക്കിടെക്ചറിലാണ് ഹാരിയര്‍ എന്ന അഞ്ച് സീറ്റര്‍ മോണോകോക്ക് എസ്.യു.വി നിരത്തിലെത്തുന്നത്. 

എത് പ്രതലത്തിലും അനായാസം വാഹനമോടിക്കാന്‍ സാധിക്കുമെന്നതാണ് ഈ ആര്‍ക്കിടെക്ചറിന്റെ പ്രത്യേകതയായി കരുതുന്നത്. ഇതിനൊപ്പം വാഹനത്തിന്റെ ബോഡി നിര്‍മാണത്തില്‍ കൂടുതല്‍ സ്റ്റീല്‍ ഉപയോഗിച്ചിരിക്കുന്നത് സുരക്ഷയും ശക്തമാക്കുന്നുണ്ട്.

Tata Harrier

ഓക്സിലറി ഐസൊലേഷന്‍ പാനലുകള്‍ ക്യാബിന് ആഡംബര ഭാവം ഒരുക്കുന്നുണ്ട്. പുതിയ ഓട്ടോമേറ്റഡ് സംവിധാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഹാരിയര്‍ മറ്റ് എസ്‌യുവികളില്‍ നിന്ന് വേറിട്ട് നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

ടാറ്റയുടെയും ലാന്‍ഡ് റോവറിന്റെയും കരുത്തിലും മികവിലും പുറത്തിറക്കാനൊരുങ്ങുന്ന ടാറ്റ ഹാരിയര്‍ 2019 ആദ്യം തന്നെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.