വാഹന പ്രേമികള്‍ ഏറെ നാളായി കാണാന്‍ കൊതിച്ചിരുന്ന ടാറ്റ ഹാരിയര്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നു. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി ഡിസംബര്‍ 18 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കേരളത്തില്‍ ജനുവരി അഞ്ച്, ആറ് ദിവസങ്ങളിലായിരുന്നും ഹാരിയര്‍ പ്രദര്‍ശിപ്പിക്കുന്നത്. 

ഗുരുഗ്രാമിലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. 18,19 ദിവസങ്ങളില്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 22,23 ദിവസങ്ങളില്‍ ബെംഗളൂരുവിലും 29,30 ദിവസങ്ങളില്‍ ഡല്‍ഹി, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. 

പിന്നീട് ജനുവരി അഞ്ച്, ആറ് ദിവസങ്ങളില്‍ കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഛണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളില്‍ ഹാരിയര്‍ പ്രദര്‍ശനത്തിനെത്തും. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രദര്‍ശന തീയതി കമ്പനി അറിയിച്ചിട്ടില്ല. 

രണ്ട് ഘട്ടമായാണ് പ്രദര്‍ശനം നടക്കുന്നത്. ഹാരിയര്‍ ബുക്ക് ചെയ്ത ആളുകള്‍ക്ക് രാവിലെയും പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷവും കാണാനുള്ള അവസരമൊരുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ജനുവരി പകുതിയോടെ ഹാരിയര്‍ ലോഞ്ച് ചെയ്യുമെന്നാണ് സൂചനകള്‍. 

Harrier

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈനില്‍ ലാന്‍ഡ് റോവറിന്റെ'ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്' ആര്‍ക്കിടെക്ചറിലാണ് ഹാരിയര്‍ എന്ന അഞ്ച് സീറ്റര്‍ മോണോകോക്ക് എസ്.യു.വി നിരത്തിലെത്തുന്നത്. 

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ടെറൈന്‍ റെസ്പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ ചേരുന്നതോടെ കരുത്തും പിക്കപ്പും വര്‍ദ്ധിക്കും.

ഇംപാക്ട് 2.0 ഡിസൈനിലിറങ്ങുന്ന ആദ്യ മോഡലാണ് ഹാരിയര്‍. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. നിരത്തിലെത്തുമ്പോള്‍ 13.5 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Tata Harrier public previews start from December 18