ഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ടാറ്റ തൊട്ടതെല്ലാം പൊന്നാണ്. നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നിവയെല്ലാം ഇന്ത്യക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇനി കാത്തിരിപ്പ് ഹാരിയര്‍ എസ്.യു.വിക്കാണ്. എതിരാളികളെ വിറപ്പിക്കുന്ന രൂപഭംഗിയുള്ള ഹാരിയറിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ മോഡലിന്റെ ചിത്രങ്ങള്‍ ഔദ്യോഗികമായി ടാറ്റ പുറത്തുവിട്ടു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ച് നിര്‍മിച്ച ഹാരിയര്‍ രൂപത്തിലും ആ തലയെടുപ്പ് പ്രകടമാക്കും. ഹാരിയറിന്റെ പരുക്കന്‍ മുഖഭാവം എതിരാളികളെ വിറപ്പിക്കുമെന്നാണ് വിലയിരുത്തല്‍. 

Harrier

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് പ്രസിഡന്റ് മായങ്ക് പരീക്കിന്റെ സാന്നിധ്യത്തില്‍ പുണെയിലെ പ്ലാന്റില്‍ നിന്ന് ആദ്യ ഹാരിയര്‍ യൂണിറ്റ് പുറത്തിറക്കുന്ന ചിത്രമാണ് ടാറ്റ പുറത്തുവിട്ടത്. ഇതിനൊപ്പം ഹാരിയര്‍ എസ്.യു.വി നിര്‍മിക്കുന്ന വീഡിയോയും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. എച്ച്5എക്‌സ് എന്ന കോഡ് നാമത്തില്‍ ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് പ്രൊഡക്ഷന്‍ സ്‌പെക്ക് ഹാരിയര്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ ഹാരിയര്‍ വിപണിയിലെത്തുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഹാരിയറിനുള്ള ബുക്കിങ്ങും നിലവില്‍ ടാറ്റ ആരംഭിച്ചിട്ടുണ്ട്. 

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ജാഗ്വര്‍ ഇപേസ്, ലാന്‍ഡ് റോവര്‍ ഡിസ്‌ക്കവറി സ്പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്. 

Harrier

ടാറ്റ നിരയില്‍ ഹെക്‌സയ്ക്കും മുകളിലാണ് ഹാരിയറിനുള്ള സ്ഥാനം. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ട്യൂസോണ്‍ എന്നിവയാണ് 5 സീറ്റര്‍ ഹാരിയറിന്റെ പ്രധാന എതിരാളികള്‍. 14-18 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും വാഹനത്തിന്റെ വില എന്നാണ് സൂചനകള്‍. പുതിയ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹാരിയറിനുണ്ടാകും. ഓള്‍ വീല്‍ ഡ്രൈവില്‍ മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. ആഗോളതലത്തിലുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ ഒത്തുചേരുന്നതാണ് തങ്ങളുടെ പുതിയ എന്‍ജിനെന്നാണ് ടാറ്റ വ്യക്തമാക്കുന്നത്. ടെറൈന്‍ റെസ്‌പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ (ഇ.വി.ജി.ടി.)യും ചേരുന്നതോടെ ഹാരിയറിന്റെ കരുത്തും പിക്കപ്പും വര്‍ധിക്കും. 

Content Highlights; Tata Harrier Production Starts; Here're Its First Official Pictures