ടുത്തിടെ ഇന്ത്യന്‍ വിപണിയിലെത്തിയ ടാറ്റ ഹാരിയര്‍ എസ്.യു.വി വിപണിയില്‍ കുതിക്കുന്നു. 2019 മാര്‍ച്ച് മാസത്തെ വില്‍പനയില്‍ മുഖ്യ എതിരാളികളായ ജീപ്പ് കോംപസ്, മഹീന്ദ്ര എക്‌സ്.യു.വി 500 മോഡലുകളെ പിന്നിലാക്കാന്‍ ടാറ്റ ഹാരിയറിന് സാധിച്ചു. 2492 യൂണിറ്റ് ഹാരിയറാണ് കഴിഞ്ഞ മാസം ടാറ്റ വിറ്റഴിച്ചത്. അതേസമയം ജീപ്പ് കോംപസിന്റെയും മഹീന്ദ്ര എക്‌സ്.യു.വി 500-ന്റെയും വില്‍പന യഥാക്രമം 1441 യൂണിറ്റ് , 1916 യൂണിറ്റ് എന്നിങ്ങനെയാണ്‌. 

ഈ വര്‍ഷം ജനുവരിയിലാണ് ഹാരിയര്‍ വിപണിയിലെത്തിയിരുന്നത്. ആദ്യം മാസം 422 യൂണിറ്റും ഫെബ്രുവരിയില്‍ 1449 യൂണിറ്റും ഹാരിയര്‍ നിരത്തിലെത്തിക്കാന്‍ ടാറ്റയ്ക്ക് സാധിച്ചിരുന്നു. ലാന്‍ഡ് റോവര്‍ കാറുകളുടേതിന് സമാനമായ രൂപഭംഗിയും സെഗ്‌മെന്റിലെ കുറഞ്ഞ വിലയില്‍ പുത്തന്‍ ഫീച്ചേഴ്‌സുമാണ് ഹാരിയറിനെ ജനപ്രിയമാക്കിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 

ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുന്നത്. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ARAI കണക്ക്പ്രകാരം 16.7 കിലോമീറ്റര്‍ മൈലേജും ലഭിക്കും. 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 

Content Highlights; Tata Harrier Overtakes Compass & XUV500 In Sales