സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ വലിയ പ്രതീക്ഷയോടെ ടാറ്റ പുറത്തിറക്കുന്ന മോഡലാണ് ഹാരിയര്‍. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റില്‍നിന്ന് വലിയ മാറ്റമില്ലാതെ അവതരിച്ച ഹാരിയര്‍ പ്രൊഡക്ഷന്‍ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഔദ്യോഗികമായി വിപണിയിലെത്തുന്നതിന് മുമ്പെ നടത്തിയ മീഡിയ ഡ്രൈവിലാണ് ഹാരിയറിന്റെ കൂടുതല്‍ വിവരങ്ങള്‍ വാഹന പ്രേമികളിലേക്കെത്തുന്നത്. 2019 ജനുവരിയില്‍ ഉപഭോക്താക്കളിലേക്കെത്തുന്ന ഹാരിയറിന് ആകെ നാല് വകഭേദങ്ങളുണ്ടാകും. XE, XM, XT, XZ എന്നിവയാണിവ. 

വിപണിയില്‍ മുഖ്യ എതിരാളികളായ ജീപ്പ് കോംപസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയെക്കാള്‍ വലുപ്പക്കാരനാണ് ഹാരിയര്‍. ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. 4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും 2741 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. എസ്.യു.വി. ഇണങ്ങുന്ന വിധത്തില്‍ 205 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 50 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള ഹാരിയറിന് 1675 കിലോഗ്രമാണ് ഭാരം.

ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന്  കരുത്തേകുക. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. രണ്ടാമത്തെ ഘട്ടത്തില്‍ മാത്രമേ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ടാകു. സുരക്ഷയ്ക്കും ധാരാളം നൂതന ഫീച്ചേഴ്‌സ് ഹാരിയറില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ടാറ്റ വെബ്‌സൈറ്റ് വഴി ബുക്കിങ് തുടരുന്ന ഹാരിയറിന്റെ വില ലോഞ്ചിങ് വേളയിലായിരിക്കും കമ്പനി പ്രഖ്യാപിക്കുക. ഏകദേശം 16-21 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില. കലിസ്‌റ്റോ കോപ്പര്‍, ഏരിയല്‍ സില്‍വര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഓര്‍കസ് വൈറ്റ്, ടെലിസ്‌റ്റോ ഗ്രേ എന്നീ നിറങ്ങളിലാണ് ഹാരിയര്‍ ലഭ്യമാകുക. 

ഓരോ വേരിയന്റിലെയും പ്രധാന ഫീച്ചേഴ്‌സ്... 

ഹാരിയര്‍ XE 

 • ഡ്യുവല്‍ എയര്‍ബാഗ്
 • എബിഎസ്-ഇബിഡി 
 • പാര്‍ക്കിങ് സെന്‍സര്‍ 
 • സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്‌സ് 
 • സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍
 • സെന്‍ട്രല്‍ ലോക്കിങ്
 • പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്
 • എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്
 • എല്‍ഇഡി ടെയില്‍ ലാമ്പ്
 • 16 ഇഞ്ച് സ്റ്റീല്‍ വീല്‍
 • പവര്‍ അഡ്ജസ്റ്റബിള്‍ വിങ് മിറര്‍
 • 4 ഇഞ്ച് MID
 • മാനുവല്‍ AC
 • നാല് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്
 • റിയര്‍ എസി വെന്റ്‌സ്
 • പവര്‍ വിന്‍ഡോ

ഹാരിയര്‍ XM

 • ഫ്രണ്ട് ഫോഗ് ലാമ്പ്
 • റിയര്‍ പാര്‍സല്‍ ഷെല്‍ഫ്
 • നാല് സ്പീക്കറോടുകൂടിയ 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 
 • സ്റ്റിയറിങ് മൗണ്ടണ്ട് ഓഡിയോ കണ്‍ട്രോള്‍സ്
 • എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മള്‍ട്ടി ഡ്രൈവ് മോഡുകള്‍
 • റിമോര്‍ട്ട് സെന്‍ട്രല്‍ ലോക്കിങ് 
 • ആറു തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്
 • റിയര്‍ വൈപ്പര്‍
 • ബൂട്ട് ലാമ്പ്

ഹാരിയര്‍ XT

 • ഡ്യുവല്‍ ഫങ്ഷണല്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്
 • 17 ഇഞ്ച് അലോയി വീല്‍
 • നാല് സ്പീക്കറോടുകൂടിയ ഓഡിയോ സിസ്റ്റം
 • ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി
 • റിയര്‍ ഡീഫോഗര്‍
 • റിവേഴ്‌സ് ക്യാമറ
 • പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്
 • ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം
 • 8 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്
 • ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, വൈപ്പര്‍
 • ക്രൂയിസ് കണ്‍ട്രോള്‍
 • ഫ്രണ്ട് സെന്റര്‍ ആംറസ്റ്റിന് താഴെ കൂള്‍ഡ് സ്റ്റോറേജ്
 • കപ്പ് ഹോള്‍ഡേഴ്‌സോടുകൂടിയ റിയര്‍ ആംറസ്റ്റ്

ഹാരിയര്‍ XZ 

 • സീനോണ്‍ HID പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്
 • കോര്‍ണറിങ് ഫങ്ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പ്
 • ഷാര്‍ക്ക് ഫിന്‍ ആന്റിന
 • ലെതര്‍ സീറ്റിനൊപ്പം ഡോര്‍ പാനല്‍, സ്റ്റിയറിങ് വീല്‍, ഗിയര്‍ ഷിഫ്റ്റ് നോബ് എന്നിവയിലും ലെതര്‍ ആവരണം
 • 8.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
 • ആംപ്ലിഫയറോടുകൂടിയ ഒമ്പത് JBL സ്പീക്കറുകള്‍
 • ടെറൈന്‍ റസ്‌പോണ്‍സ് മോഡുകള്‍ (നോര്‍മല്‍, വെറ്റ്, റഫ്) 
 • ആറ് എയര്‍ബാഗ് 
 • ഇഎസ്പി
 • ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്
 • ഹില്‍ ഹോള്‍ഡ്, ഹില്‍ ഡീസെന്റ് കണ്‍ട്രോള്‍
 • റോള്‍ ഓവര്‍ മിറ്റിഗേഷന്‍
 • കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍
 • ട്രാക്ഷന്‍ കണ്‍ട്രോള്‍
 • ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്
 • 60:40 സ്പ്ലിറ്റ് ഫോള്‍ഡിങ് സീറ്റ്

Content Highlights; Tata Harrier More official details revealed