ഴിഞ്ഞ കുറച്ചു കാലങ്ങളായി ടാറ്റ പുറത്തിറക്കുന്ന മോഡലുകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. ഇക്കൂട്ടത്തിലേക്ക് ബംബര്‍ ഹിറ്റാകാനുള്ള മോഹവുമായെത്തുന്ന ടാറ്റയുടെ കൊമ്പനാണ് ഹാരിയര്‍. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച H5X എസ്‌യുവിയുടെ പ്രൊഡക്ഷന്‍ സ്‌പെക്കായ ഹാരിയര്‍ 2019 ജനുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ചില ഓട്ടോവെബ് സൈറ്റുകാരുടെ ക്യാമറ കണ്ണുകളിലൂടെ ഹാരിയറിന്റെ വ്യക്തമായ രൂപം പുറത്തെത്തി. സ്‌പൈ ചിത്രങ്ങള്‍ പ്രകാരം ഒറ്റനോട്ടത്തില്‍ കരുത്തന്‍ എസ്.യു.വി പരിവേഷം ഹാരിയറിനുണ്ട്. 

ക്രാഷ് ടെസ്റ്റിനായി ഒരുക്കിയ ഹാരിയര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ടാറ്റ ഏറെ പ്രതീക്ഷയോടെ ഇന്ത്യയിലെത്തിക്കുന്ന ഹാരിയറിന്റെ ബുക്കിങ്ങും ഇന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. 30,000 രൂപ സ്വീകരിച്ചാണ് വെബ് സൈറ്റ് വഴി ഹാരിയര്‍ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. രൂപത്തിലും ആ തലയെടുപ്പ് ഹാരിയറില്‍ പ്രകടം. ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തുന്ന രൂപം ഹാരിയര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനുണ്ട്. ഏകദേശം 80 ശതമാനത്തോളം ഈ രൂപം ഹാരിയര്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് പറയാം. 

ദിവസങ്ങള്‍ക്ക് മുമ്പ് ഹാരിയറിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് കമ്പനി പുറത്തുവിട്ടിരുന്നു. 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ആഗോളതലത്തിലുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ ഒത്തുചേരുന്നതാണ് തങ്ങളുടെ പുതിയ എന്‍ജിനെന്നാണ് ടാറ്റ വ്യക്തമാക്കുന്നത്. കുറഞ്ഞ കാര്‍ബണ്‍ നിര്‍ഗമനം ഉറപ്പുനല്‍കുന്നതാണ് ഈ ഫോര്‍ സിലിന്‍ഡര്‍ എന്‍ജിന്‍. ടെറൈന്‍ റെസ്‌പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ (ഇ.വി.ജി.ടി.)യും ചേരുന്നതോടെ കരുത്തും പിക്കപ്പും വര്‍ദ്ധിക്കും. വിവിധ കാലാവസ്ഥകളിലും പരിസ്ഥിതികളിലും പരീക്ഷിച്ച് വിജയം കൈവരിച്ചിട്ടുണ്ട് ഈ എന്‍ജിന്‍.

അഞ്ചു സീറ്ററിനൊപ്പം ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ കമ്പനി ഒരുക്കുന്നുണ്ട്. ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ജാഗ്വര്‍ ഇപേസ്‌, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയുടെ അടിസ്ഥാനവും ഇതുതന്നെയാണ്. ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്.

ഇംപാക്ട് 2.0 ഡിസൈനിലിറങ്ങുന്ന ആദ്യ മോഡലാണ് ഹാരിയര്‍. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. നിരത്തിലെത്തുമ്പോള്‍ 13 മുതല്‍ 18 ലക്ഷം രൂപവരെയാകും വില. 

Tata Harrier
Photo Courtesy; Team Bhp

Content Highlights; Tata Harrier leaked ahead of launch, Booking Open