പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ പ്രതിനിധിയായ ഹാരിയറിന്റെ ആക്‌സസറീസിലേക്ക് സണ്‍റൂഫുമെത്തുന്നു. ടാറ്റ ഡീലര്‍ഷിപ്പുകളില്‍നിന്ന് ആക്‌സസറിയായി ഘടിപ്പിക്കാവുന്ന സണ്‍റൂഫിന് 95,000 രൂപ വിലവരുമെന്നാണ് സൂചനകള്‍.

രണ്ട് വര്‍ഷം വാറന്റിയുള്‍പ്പെടെയാണ് ഹാരിയറില്‍ സണ്‍റൂഫ് നല്‍കുന്നത്. അതേസമയം, സണ്‍റൂഫ് ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്ലാനില്‍ മാറ്റം വരികയും പ്രീമിയത്തില്‍ വര്‍ധനവുണ്ടാകുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സണ്‍റൂഫ് ഘടിപ്പിച്ചുള്ള ഹാരിയറിന്റെ പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ ഓണ്‍ലൈന്‍ ഓട്ടോ പോര്‍ട്ടലുകളില്‍ നിറഞ്ഞിരുന്നു. ഹാരിയറിന്റെ ഉയര്‍ന്ന വേരിയന്റില്‍ സണ്‍റൂഫ് ഒരുങ്ങുമെന്നായിരുന്നു ഇതിനൊപ്പം വന്ന വാര്‍ത്തകള്‍.

എന്നാല്‍, സണ്‍റൂഫ് ആക്‌സസറി മാത്രമായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ ഹാരിയറിന്റെ ഏത് വേരിയന്റിലും സണ്‍റൂഫ് ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. 

ബിഎസ്-6 എന്‍ജിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കിയുള്ള ഹാരിയറിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്താനൊരുങ്ങുകയാണ്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണ് ബിഎസ്-6 എന്‍ജിന്‍ ഒരുങ്ങുന്നത്. 

ഹരായറില്‍ പുതുതായി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നതിനൊപ്പം ഇന്റീരിയറിലുമുണ്ട് പുതുമകള്‍. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്യൂണര്‍ സ്റ്റീയറിങ് സംവിധാനം, സോഫ്റ്റ് ടച്ച് ക്ലച്ച് തുടങ്ങി വേറെയും സവിശേഷതകള്‍ ഈ വാഹനത്തില്‍ ഒരുങ്ങുന്നുണ്ട്.

പുതിയ എന്‍ജിന്‍ വാഹനത്തിന് പുത്തന്‍ കരുത്ത് നല്‍കുന്നുണ്ട്. 350 എന്‍എം ടോര്‍ക്കില്‍ 168 ബിഎച്ച്പിയായിരിക്കും പുതിയ ഹാരിയറിന്റെ കരുത്ത്. മുമ്പ് ഇത് 138 ബിഎച്ച്പി ആയിരുന്നു.

Content Highlights: Tata Harrier Gets A Sunroof As Accessory With Additional Cost Rs 95,000.