ഹാരിയറിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പെന്നോണം ഡാര്‍ക്ക് എഡിഷന്‍ ഹാരിയര്‍ നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഇത് സംബന്ധിച്ച പ്രഖ്യാപനവും വാഹനത്തിന്റെ ഫീച്ചറുകളും ഏറെകുറെ വെളിപ്പെടുത്തിയിട്ടുമുണ്ട്. വില സംബന്ധിച്ച കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും ഏകദേശ സൂചനകളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഹാരിയന്റെ ഉയര്‍ന്ന പതിപ്പായ XZ ഡ്യുവല്‍ ടോണ്‍ വേരിയന്റായിരിക്കും ഡാര്‍ക്ക് എഡിഷനായി രൂപാന്തരം പ്രാപിക്കുന്നത്. അതുകൊണ്ടുതന്നെ 16.75 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചനകള്‍. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

ഹാരിയറിന്റെ റെഗുലര്‍ പതിപ്പിനെക്കാള്‍ സ്‌പോര്‍ട്ടിയായിരിക്കും ഡാര്‍ക്ക് എഡിഷനെന്നാണ് ടാറ്റ അവകാശപ്പെട്ടിരിക്കുന്നത്. എക്സ്റ്റീരിയറിന് പുറമെ, ഇന്റീരിയറും ബ്ലാക്ക് ഫിനീഷിങ്ങില്‍ എത്തിക്കാനാണ് ടാറ്റയുടെ ശ്രമം. ടാറ്റ മോട്ടോഴ്സ് വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ ഈ മോഡല്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു.

ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള എക്സ്റ്റീരിയര്‍, 17 ഇഞ്ച് ബ്ലാക്ക്സ്റ്റോണ്‍ അലോയി വീല്‍, മുന്നിലെയും പിന്നിലെയും ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ഹെഡ്​ലാമ്പിലെ ഗ്രേ ഫിനിഷ് എന്നിവയാണ് ഡാര്‍ക്ക് എഡിഷനിലെ പുറംഭാഗത്തെ വ്യത്യസ്തമാക്കുന്നത്. 

റെഗുലര്‍ ഹാരിയറില്‍ ബ്രൗണ്‍ നിറത്തിലുള്ള സീറ്റുകളായിരുന്നെങ്കില്‍ ഡാര്‍ക്ക് എഡിഷനില്‍ ബ്ലാക്ക് ലെതറിലാണ് സീറ്റ്. ബ്ലാക്ക്സ്റ്റോണ്‍ ഡാഷ്ബോര്‍ഡില്‍ ഗ്രേ ഫിനിഷിങ്ങുമുണ്ട്. അറ്റ്ലസ് ബ്ലാക്ക് എന്ന പേരിലാണ് ഹാരിയറിന്റെ ഈ സ്പെഷ്യല്‍ ബ്ലാക്ക് കളര്‍. 

കറുപ്പ് നിറത്തില്‍ ചാലിച്ച കാഴ്ചയിലുള്ള ചില മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഡാര്‍ക്ക് എഡിഷന്റെ ഫീച്ചറുകളെല്ലാം റഗുലര്‍ ഹാരിയറിലേതിന് സമാനമാണ്. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ക്രെയോടെക് എന്‍ജിനാണ് പുതിയ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ മോഡലിനും കരുത്തേകുക. 6 സ്പീഡ് മാനുവലായിരിക്കും ഇതിലെയും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Content Highlights: Tata Harrier Dark Edition Price Revealed