ടാറ്റയുടെ വാഹനങ്ങള്‍ക്ക് പുതിയ മേല്‍വിലാസം നല്‍കിയ ഹാരിയര്‍ എന്ന ആ വമ്പന്‍ പിറന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും മികച്ച കരുക്കും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച ഹാരിയറിന്റെ 15,000 യൂണിറ്റാണ് നിരത്തുകളിലോടുന്നത്. 

ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വണ്‍ വിത്ത് മൈ ഹാരിയര്‍ എന്ന ക്യാംപയിനും ടാറ്റ നടത്തുന്നുണ്ട്. നിലവിലെ ഹാരിയര്‍ ഉടമകള്‍ക്ക് ഹാരിയര്‍ സര്‍വീസ് ഗോള്‍ഡ് ക്ലബ്ബില്‍ അംഗത്വം നല്‍കുന്നതാണ് പദ്ധതി. ഇതുവഴി രണ്ടുവര്‍ഷത്തേക്കുള്ള സര്‍വീസുകള്‍ക്ക് 8400 രൂപയുടെ ആനുകൂല്യമാണ് ടാറ്റ നല്‍കുന്നത്. 

ഇതുനുപുറമെ, വാഹനം വാങ്ങാന്‍ ഉദ്യോശിക്കുന്ന ബന്ധുകള്‍ക്കോ സുഹൃത്തുകള്‍ക്കോ ഹാരിയര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് 5000 രൂപയുടെ ആമസോണ്‍ ഗിഫ്റ്റ് വൗച്ചറും നല്‍കുന്നുണ്ട്. ഇതിനൊപ്പം ആകര്‍ഷകമായ നിരവധി ആനുകൂല്യങ്ങളും ടാറ്റ മോട്ടോഴ്‌സ് ഉപയോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറില്‍ നിന്ന് സാങ്കേതിക സഹായം സ്വീകരിച്ച് നിര്‍മിച്ച വാഹനമാണ് ഹാരിയര്‍. രൂപത്തില്‍ പോലും ലാന്‍ഡ് റോവര്‍ തലയെടുപ്പോടെ എത്തിയ വാഹനം വിലയില്‍ പോലും എതിരാളികളെ പരാജയപ്പെടുത്തുന്നതായിരുന്നു. 

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

ടാറ്റയുടെ വാഹനനിരയില്‍ ഹെക്‌സയുടെ ജേഷ്ഠനായാണ് ഹാരിയര്‍ എത്തിയത്. ജീപ്പ് കോംപസ്, ഹ്യുണ്ടായ് ട്യൂസോണ്‍ എന്നിവയാണ് അഞ്ച് സീറ്റര്‍ ഹാരിയറിന്റെ പ്രധാന എതിരാളികള്‍. 15.58 ലക്ഷം മുതല്‍ 20.02 ലക്ഷം രൂപ വരെയാണ് ഹാരിയറിന്റെ ഓണ്‍റോഡ് വില.

Content Highlights: Tata Harrier Complete One Year In India