ടുവില്‍ ടാറ്റ ആ മുഹൂര്‍ത്തം കുറിച്ചു. വാഹനലോകത്തിന് ഒരു വര്‍ഷത്തെ കാത്തിരിപ്പ് സമ്മാനിച്ച ടാറ്റ ഹാരിയര്‍ എസ്‌യുവി ജനുവരി 20-ന് നിരത്തിലെത്തും. ടീസറുകളിലൂടെയും ചിത്രങ്ങളിലൂടെയും വാഹനപ്രേമികളുടെ മനസില്‍ ഹാരിയറിന്റെ രൂപ പതിഞ്ഞെങ്കിലും നേരിട്ട് കാണാനുള്ള ത്രില്ലിലാണ് വാഹനലോകം.

2018 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് എച്ച് 5 എക്‌സ് എന്ന കോഡ് നമ്പറില്‍ ടാറ്റ ഹാരിയര്‍ അവതരിപ്പിച്ചത്. പ്രഖ്യാപിച്ച് കൃത്യം ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഹാരിയര്‍ എന്ന വാഹനം യാഥാര്‍ഥ്യമാകുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഹാരിയറിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.  

ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. ഹാരിയറിന്റെ രൂപത്തിലും റേഞ്ച് റോവര്‍ വാഹനങ്ങളിലെ തലയെടുപ്പ് പ്രകടമാകുന്നുണ്ട്. 

Tata Harrier

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ടെറൈന്‍ റെസ്പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ ചേരുന്നതോടെ കരുത്തും പിക്കപ്പും വര്‍ദ്ധിക്കും.

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

Tata Harrier

ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്.

ഇംപാക്ട് 2.0 ഡിസൈനിലിറങ്ങുന്ന ആദ്യ മോഡലാണ് ഹാരിയര്‍. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. നിരത്തിലെത്തുമ്പോള്‍ 13.5 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.