ടാറ്റയുടെ പ്രീമിയം എസ്‌യുവി മോഡലായ ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് അവതരിപ്പിച്ചു. 16.76 ലക്ഷം രൂപ വിലയുള്ള ഈ പതിപ്പില്‍ ഹാരിയര്‍ റെഗുലര്‍ മോഡലില്‍നിന്ന് 14 പുതുമകളാണ്‌ വരുത്തിയിട്ടുള്ളത്. ഹാരിയറിന്റെ ഉയര്‍ന്ന വകഭേദമായ XZ വേരിയന്റാണ് ഡാര്‍ക്ക് എഡിഷനായിരിക്കുന്നത്. 

ഹാരിയറിന്റെ 10,000 യൂണിറ്റ് നിരത്തിലെത്തിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഡാര്‍ക്ക് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. പ്രീമിയം എസ്‌യുവി ശ്രേണിയില്‍ ടാറ്റ എത്തിച്ച ഈ വാഹനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഹാരിയറിന്റെ റെഗുലര്‍ പതിപ്പിനെക്കാള്‍ സ്പോര്‍ട്ടിയാണ് ഡാര്‍ക്ക് എഡിഷന്‍. അറ്റ്‌ലസ് ബ്ലാക്ക് നിറവും, 17 ഇഞ്ച് ബ്ലാക്ക് അലോയി വീലുകളും, ഡാര്‍ക്ക് ബാഡ്ജിങ്ങും, ബ്ലാക്ക് ഡോര്‍ ഹാന്‍ഡിലും, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും, ഹെഡ്‌ലാമ്പിലെ ഗ്രേ ഫിനിഷിങ്ങുമാണ് എകസ്റ്റീരിയറിലെ പുതുമ.

എക്സ്റ്റീരിയറിന് പുറമെ, ഇന്റീരിയറും ബ്ലാക്ക് ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ബ്ലാക്ക്‌സ്റ്റോണ്‍ മെട്രിക്‌സ് ഡാഷ്‌ബോര്‍ഡ്, ബ്ലാക്ക് ലെതര്‍ സീറ്റുകളും ഡോര്‍ പാഡും, ഗ്രേ നിറത്തിലുള്ള തുന്നലുകള്‍, ലെതര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് ഇന്റീരിയറിലെ പുതുമ. 

കറുപ്പ് നിറത്തില്‍ ചാലിച്ച കാഴ്ചയിലുള്ള ചില മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഡാര്‍ക്ക് എഡിഷന്റെ ഫീച്ചറുകളെല്ലാം റഗുലര്‍ ഹാരിയറിലേതിന് സമാനമാണ്. 

170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ക്രെയോടെക് എന്‍ജിനാണ് പുതിയ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ മോഡലിനും കരുത്തേകുക. 6 സ്പീഡ് മാനുവലായിരിക്കും ഇതിലെയും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

Content Highlights: Tata Harrier Black Edition Launched