ടാറ്റ അടുത്തിടെ പുറത്തിറക്കിയ പ്രീമിയം എസ്‌യുവിയായ ഹാരിയര്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഒഫിഷ്യല്‍ പാര്‍ട്ണറാകുന്നു. ഇത് രണ്ടാം വര്‍ഷമാണ് ടാറ്റ ഐപിഎല്‍ ക്രിക്കറ്റുമായി ഔദ്യോഗിക വാഹനമാകുന്നത്. 

കോംപാക്ട് എസ്‌യുവിയായ നെക്‌സോണായിരുന്നു കഴിഞ്ഞ തവണ ഐപിഎല്ലിലെ വാഹനമായത്. എട്ട് പ്രമുഖ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ഒപ്പ് പതിപ്പിച്ച ഈ വാഹനം കാന്‍സര്‍ ബോധവത്കരണത്തിനായി ലേലത്തില്‍ വെച്ചിരുന്നു. 

ബിസിസിഐയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും ടാറ്റ ഹാരിയര്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 23-നാണ് ഐപിഎല്‍ ക്രിക്കറ്റ് ആരംഭിക്കുന്നത്. 

ആളുകളുടെ ഇടയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാഹനമാണ് ടാറ്റ ഹാരിയര്‍. എന്നാല്‍, കൂടുതല്‍ ഉപയോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യത്തെ ഏറ്റവും വലിയ മത്സരത്തിന്റെ ഭാഗമാകുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് മേധാവി മായാങ്ക് പരീക് അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡ് ഹാരിയറിന്റെ പേരിലുള്ളതാണ്. മികച്ച സ്‌ട്രൈക്കറായി തിരഞ്ഞെടുക്കുന്ന താരത്തിന് ഹാരിയര്‍ ട്രോഫിയും ഒരുലക്ഷം രൂപ ക്യാഷ് അവാര്‍ഡും നല്‍കും. ഈ സീസണില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരത്തിന് ഒരു ഹാരിയര്‍ എസ്‌യുവി സമ്മാനമായി നല്‍കും.

Content Highlights: Tata Harrier Becomes The Official Partner For The IPL 2019