തിരാളികളെ പോലും ഞെട്ടിപ്പിക്കുന്ന സൗന്ദര്യത്തില്‍ ടാറ്റ നിരത്തിലെത്തിച്ച പ്രീമിയം എസ്‌യുവി വാഹനമാണ് ഹാരിയര്‍. പ്രീമിയം ഫീച്ചറുകളുടെയും സൗകര്യങ്ങളുടെയും അകമ്പടിയോടെ എത്തിയ ഈ വാഹനത്തില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്റെ അഭാവം നിഴലിച്ചിരുന്നു. 

മാനുവല്‍ പതിപ്പിന് പിന്നാലെ തന്നെ എത്തുമെന്ന് ടാറ്റ പ്രഖ്യാപിച്ച ഓട്ടോ ട്രാന്‍സ്മിഷന്‍ ഹാരിയര്‍ വരവിനൊരുങ്ങിയിരിക്കുകയാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള ഹാരിയര്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.

ഹാരിയര്‍ സെവന്‍ സീറ്റര്‍ മോഡലിനൊപ്പമായിരിക്കും ഓട്ടോമാറ്റിക് പതിപ്പും പ്രദര്‍ശനത്തിനെത്തുകയെന്നാണ് വിവരം. ഹ്യുണ്ടായില്‍ നിന്നെടുത്ത ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടബിള്‍ ഓട്ടോമാറ്റിക് യൂണിറ്റായിക്കും ഹാരിയര്‍ ഓട്ടോമാറ്റിക്കില്‍ നല്‍കുക. 

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നതൊഴിച്ചാല്‍ ഡിസൈനിലോ മെക്കാനിക്കലായോ മറ്റ് മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കില്ല. ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഓട്ടോമാറ്റിക്കിലും. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.

നിലവില്‍ 12.99 ലക്ഷം മുതല്‍ 16.95 ലക്ഷം രൂപ വരെയാണ് ഹാരിയര്‍ മാനുവലിന്റെ എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് ഒരു ലക്ഷം രൂപ വരെ വില ഉയരുമെന്നാണ് സൂചന.

Content Highlights: Tata Harrier Automatic To Be Launch In February