ടാറ്റയുടെ ഏറ്റവും സ്റ്റൈലിഷായ എസ്‌യുവി ഹാരിയറിന്റെ വില ഉയരുന്നു. എല്ലാ വേരിയന്റുകള്‍ക്കും 31,000 രൂപയോളമാണ് കൂടുന്നതെന്നാണ് റിപ്പോര്‍ട്ട്. പുറത്തിറങ്ങി ഒരു വര്‍ഷത്തോടടുക്കുന്ന ഈ വാഹനത്തിന് ആദ്യമായാണ് വില ഉയരുന്നത്.

വാഹന വിപണിയില്‍ മികച്ച തുടക്കമാണ് ഹാരിയറിന് ലഭിച്ചിരുന്നത്. പ്രതിമാസം ശരാശരി 1500 ഹാരിയറുകളാണ് നിരത്തിലെത്തുന്നത്. നെക്‌സോണ്‍, ടിയാഗോ വാഹനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡലാണ് ഹാരിയര്‍. എന്നാല്‍, വില വര്‍ധനവിനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. 

XE, XM, XT, XZ എന്നീ നാല് വകഭേദങ്ങളാണ് ഹാരിയറുനുള്ളത്. ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുക. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 

എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡും വാഹനത്തിനുണ്ട്. ടോപ് വേരിയന്റില്‍ ടെറൈന്‍ റസ്പോണ്‍സ് മോഡുമുണ്ട്. ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഒമേഗാ പ്ലാറ്റ്ഫോമിലാണ് ഈ വാഹനത്തിന്റെ നിര്‍മാണം. 

ഉയര്‍ന്ന വേരിയന്റില്‍ ഏഴ് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഇഎസ്പി, പാര്‍ക്കിങ് സെന്‍സര്‍സ സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്സ്, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, ക്രൂയ്സ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡീസെന്റ് കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്. 

എസ്.യു.വി ശ്രേണിയില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയാണ് ടാറ്റ ഹാരിയറിന്റെ പ്രധാന എതിരാളികള്‍.

Content Highlights: Tata Harrier Announce Price Hike Of Rs 31000 For All Variants