റെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ടാറ്റയുടെ പ്രീമിയം കോംപാക്ട് എസ്‌യുവി ഹാരിയര്‍ അവതരിപ്പിച്ചത്. വിപണിയില്‍ എത്തിയെങ്കിലും ബുക്ക് ചെയ്തവരുടെ കാത്തിരിപ്പ് കുറച്ചുനാള്‍ കൂടി നീളുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നതിന്റെയും മറ്റുമുള്ള നടപടി ക്രമങ്ങളെ തുടര്‍ന്നാണ് ഈ കാലത്താമസം നേരിടുന്നത്. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഒക്ടോബര്‍ 15 മുതലാണ് ഹാരിയര്‍ ബുക്കിങ് ആരംഭിച്ചത്. 30,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ് സ്വീകരിച്ചിരുന്നത്. തുടക്കത്തില്‍ ബുക്ക് ചെയ്തവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ വാഹനം നല്‍കാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നത്. 

എന്നാല്‍, ഹാരിയറിന്റെ ബുക്കിങ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെയിറ്റിങ് പിരിയഡ് മൂന്ന് മാസം വരെ നീട്ടാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് സൂചന. ഹാരിയര്‍ വ്യാഴാഴ്ച കേരളത്തിലും അവതരിപ്പിക്കുന്നുണ്ട്. 

ഇന്ത്യന്‍ കോംപാക്ട് എസ്‌യുവികളിലെ പ്രമുഖരായ ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോംപസ്, ഫോര്‍ഡ് ഇക്കോ സ്‌പോട്ട് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ഹാരിയറിന് 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

Content Highlights: Tata Harrier Already Has Three Months Waiting Period