ലാന്‍ഡ് റോവര്‍ രൂപഭംഗിയില്‍ ടാറ്റ അവതരിപ്പിച്ച പ്രീമിയം എസ്‌യുവി ഹാരിയര്‍ നിരത്തില്‍ കുതിപ്പ് തുടരുകയാണ്. അഞ്ച് സീറ്റിലെത്തിയ ഈ വാഹനത്തിന്റെ ഏഴ് സീറ്റ് മോഡലും എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. 

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാരിയറിന്റെ ഏഴ് സീറ്റ് മോഡല്‍ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ നിരത്തിലെത്തുമെന്നാണ് കരുതുന്നത്. എച്ച്7എക്സ് എന്ന കോഡ് നാമത്തിലുള്ള വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഫൈവ് സീറ്റര്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്ന ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് സെവന്‍ സീറ്ററിലും നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

Harrier
Image: AutoCarIndia

ഏഴ് സീറ്റിലേക്ക് മാറുന്ന ഹാരിയറില്‍ ഒരുനിര സീറ്റ കൂടുതലായിരിക്കും. രണ്ട് പേര്‍ക്കുള്ള സീറ്റുകളാണ് മൂന്നാം നിരയില്‍ ഒരുക്കുന്നത്. 4660 എംഎം ആയിരിക്കും ഈ മോഡലിന്റെ നീളം. സെവന്‍ സീറ്ററിന്റെ നെയിം പ്ലേറ്റ് പിന്നീട് അറിയിക്കും.

അഞ്ച് സീറ്റര്‍ ഹാരിയറില്‍ നല്‍കുന്ന 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും സെവന്‍ സീറ്ററിലും നല്‍കുക. ഇത് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതിലും പ്രവര്‍ത്തിക്കുക. ഓട്ടോമാറ്റിക്കിലും ഈ മോഡല്‍ പ്രതീക്ഷിക്കാം.

ഏഴ് സീറ്റര്‍ ഹാരിയര്‍ നിരത്തിലെത്തുമ്പോള്‍ 16 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Tata Harrier 7-Seater SUV To Launch In 2019