H5X എന്ന കോഡ് നാമത്തില്‍ ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച എസ്.യു.വി.യുടെ നിരവധി പരീക്ഷണ ഓട്ടങ്ങള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുന്ന ഈ എസ്.യു.വി.യുടെ പേരും ടാറ്റ ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഡിസൈനില്‍ കേമനായ എസ്.യു.വി.ക്ക് ഹാരിയര്‍ എന്നാണ് കമ്പനി നല്‍കിയ പേര്. പ്രൊഡക്ഷന്‍ സ്‌പെക്കിന്റെ വരവിന് മുന്നോടിയായി ഹാരിയറിന്റെ ടീസര്‍ ചിത്രങ്ങളും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. 

Tata Harrier

വി രൂപത്തിലുള്ള ഗ്രില്‍, നേര്‍ത്ത ഹെഡ്‌ലാംമ്പ് ക്ലസ്റ്റേഴ്‌സ്, ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ എക്‌സ്റ്റീരിയര്‍ എന്നിവ ടീസറില്‍ ദൃശ്യമാകും. ടാറ്റ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ കാറുകളുടെ കരുത്തുറ്റ രൂപവുമാണ് ഹാരിയറിന്റെ പ്രധാന ആകര്‍ഷണം. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഡിസൈന്‍ ഭാഷ്യത്തില്‍ ലാന്‍ഡ് റോവര്‍ L550 പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. സ്റ്റൈലിഷ് ബോഡിക്ക് യോജിക്കുന്ന വലിയ 22 ഇഞ്ച് വീല്‍, പ്രീമിയം ഫീച്ചേഴ്സുള്ള അകത്തളം എന്നിവ H5X കണ്‍സെപ്റ്റിനെ വേറിട്ടുനിര്‍ത്തിയിരുന്നു.. 

കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഇല്ലാതെ പ്രൊഡക്ഷന്‍ മോഡല്‍ വിപണിയിലെത്താനാണ് സാധ്യത. 5 സീറ്റര്‍ ഓപ്ഷനിലാണ് വാഹനം വിപണിയിലെത്തുക. 7 സീറ്റര്‍ ഭാവിയില്‍ പ്രതീക്ഷിക്കാം. ജീപ്പ് കോമ്പസില്‍ ഉപയോഗിക്കുന്ന 140 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മള്‍ട്ടി ജെറ്റ് എന്‍ജിനായിരിക്കും ഹാരിയറിലും ഉപയോഗിക്കുക. 

Tata Harrier

Tata H5X
H5X Comcept

Content Highlights; Tata H5X SUV officially named Tata Harrier