പുതിയ മൈക്രോ എസ്.യു.വി മോഡലായ എച്ച്2എക്‌സ് കണ്‍സെപ്റ്റ് മോഡല്‍ കഴിഞ്ഞ ദിവസം ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ പുറത്തിറക്കിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ കരുത്തും സൗന്ദര്യവും ഒന്നിച്ച എച്ച്2എക്‌സിന്റെ സ്റ്റൈലിഷ് ഡിസൈന്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. കണ്‍സെപ്റ്റ് മോഡല്‍ നിരത്തിലെത്തുമ്പോള്‍ ഇതിന്‍നിന്ന് വലിയ മാറ്റമുണ്ടാകില്ലെന്നാണ് ആദ്യ സൂചന. എച്ച്2എക്‌സ് 70-80 ശതമാനവും പ്രൊഡക്ഷന്‍ റെഡി മോഡലാണെന്ന് ടാറ്റ മോട്ടോഴ്‌സ് ഡിസൈന്‍ ഹെഡ് പ്രതാപ് ബോസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വാഹനത്തിന്റെ പേരും മറ്റ് ഫീച്ചേഴ്‌സും സംബന്ധിച്ച വിവരങ്ങളൊന്നും അദ്ദഹം വ്യക്തമാക്കിയിട്ടില്ല. 

H2X

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച H5X, 45X എന്നീ കണ്‍സെപ്റ്റ് മോഡലുകള്‍ യഥാക്രമം ഹാരിയര്‍, അല്‍ട്രേസ് എന്നീ പേരുകളില്‍ പുറത്തിറക്കിയപ്പോഴും കണ്‍സെപ്റ്റിനോട് നീതിപുലര്‍ത്തുന്ന രൂപഭംഗി ടാറ്റ നിലനിര്‍ത്തിയിരുന്നു. ഇവയ്ക്ക് സമാനമായി കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം H2X മൈക്രോ എസ്.യു.വിയില്‍ സംഭവിച്ചേക്കില്ല. അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇതിന്റെ പ്രൊഡക്ഷന്‍ സ്പെക്ക് ടാറ്റ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. ടാറ്റയുടെ പുതിയ ആല്‍ഫ ആര്‍ക്കിടെക്ച്ചറില്‍ ഇംപാക്ട് 2.0 ഡിസൈനിലാണ് H2X കണ്‍സെപ്റ്റിന്റെ നിര്‍മാണം. 

ഹാരിയറിന്റെ കണ്‍സെപ്റ്റ് മോഡലായ H5X മോഡലില്‍നിന്ന് ചില ഡിസൈന്‍ H2X -ല്‍ പ്രകടമാകും. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ ഇതില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ടാറ്റ നിരയില്‍ നെക്സോണിന് തൊട്ടുതാഴെയായിരിക്കും മൈക്രോ എസ്.യു.വിയുടെ സ്ഥാനം. മഹീന്ദ്ര KUV 100, വരാനിരിക്കുന്ന മാരുതി ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ് എന്നിവയാണ് വിപണിയിലെത്തുമ്പോള്‍ ടാറ്റ H2X-ന്റെ പ്രധാന എതിരാളികള്‍. 

Content Highlights;Tata H2X Concept Is 70-80% Production-Ready Model