ടാറ്റ മോട്ടോഴ്‌സിന്റെ അഭിമാന മോഡലായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ എസ്.യു.വി. ഗ്രാവിറ്റാസ് റിപ്പബ്ലിക് ദിനത്തില്‍ (ജനുവരി 26) അവതരിപ്പിക്കും. ഹാരിയറിന്റെ വരവിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട ഈ വാഹനം കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. ആറ്, ഏഴ് സീറ്റിങ്ങ് ഒപ്ഷനുകളില്‍ എത്തുന്ന വാഹനത്തിന്റെ വില അവതരണവേളയില്‍ പ്രഖ്യാപിക്കും.
ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഗ്രാവിറ്റാസ് എസ്.യു.വി. ഒരുങ്ങുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ഹാരിയറിനെക്കാള്‍ 63 എംഎം നീളവും 80 എംഎം വീതിയും ഈ വാഹനത്തിന് അധികമുണ്ട്. 4661 എം.എം. നീളവും 1894 എം.എം. വീതിയും 1886 എം.എം. ഉയരവുമാണ് ഗ്രാവിറ്റാസിനുള്ളത്.
ഡിസൈനില്‍ ഹാരിയര്‍ എസ്.യു.വിയുമായി ഏറെ സാമ്യമുള്ള വാഹനമാണ് ഗ്രാവിറ്റാസ്. അതേസമയം, അലോയി വീല്‍, സ്‌റ്റെപ്പ് ആയി നല്‍കിയിട്ടുള്ള റൂഫ് എന്നിവ ഗ്രാവിറ്റാസിനെ വ്യത്യസ്തമാക്കുന്നു. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ബീം ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, വലിയ ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്.
എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈന്‍, ഹാച്ച്ഡോറിന്റെ താഴെയായി ഗ്രാവിറ്റാസ് ബാഡ്ജിങ്ങ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് ഗ്രാവിറ്റാസിന്റെ പിന്‍ഭാഗത്തെ അലങ്കരിക്കുന്നത്. അകത്തളം ഹാരിയറിന് സമാനമായിരിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമേ വെളിപ്പെടുത്തൂ.
170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. മഹീന്ദ്ര എക്‌സ്യുവി 500, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി ക്രെറ്റ് ഏഴ് സീറ്റര്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.
Content Highlights: Tata Gravitas SUV To Launch On Republic Day