സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ ടാറ്റയുടെ ക്ലിക്കായ മോഡലാണ് ഹാരിയര്‍. 5 സീറ്റര്‍ ഹാരിയറിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ഹാരിയറിന്റെ സെവന്‍ സീറ്റര്‍ മോഡലുമായി ടാറ്റ വരുകയാണ്. കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ബസാര്‍ഡ് എന്ന പേരില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്ന ഈ മോഡല്‍ ഗ്രാവിടാസ് എന്ന പേരിലാണ് നിരത്തിലേക്കെത്തുന്നത്. ഗ്രാവിടാസ് എന്ന പേര് ഔദ്യോഗികമായി അറിയിച്ചുകൊണ്ട് വാഹനത്തിന്റെ ആദ്യ ടീസര്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഗ്രാവിടാസിനെ ടാറ്റ അവതരിപ്പിക്കും. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2020 ഇന്ത്യ ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഇതിന്റെ ആദ്യ പ്രദര്‍ശനം. കണ്‍സെപ്റ്റ് മോഡല്‍ പ്രകാരവും ഇതിനോടകം പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരവും 5 സീറ്റര്‍ ഹാരിയറിന് സമാനമായ രൂപഘടനയാണ് ഗ്രാവിടാസിനുള്ളത്. ഹാരിയറിനെക്കാള്‍ നീളവും വീതിയും ഉയരവുമെല്ലാം സെവന്‍ സീറ്റര്‍ ഗ്രാവിടാസിന് വര്‍ധിക്കും. ഉപഭോക്താവിന് ലക്ഷ്വറി അനുഭവം നല്‍കുന്ന പ്രീമിയം ഫീച്ചേഴ്‌സിലും കാര്യമായ മാറ്റങ്ങളുണ്ടാകും.
ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് സെവന്‍ സീറ്റര്‍ എസ്.യു.വിയുടെയും നിര്‍മാണം. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും ടാറ്റ വ്യക്തമാക്കിയിട്ടില്ല. 15 ലക്ഷം റേഞ്ചിലായിരിക്കും വാഹനത്തിന്റെ പ്രാരംഭ വിലയെന്നാണ് സൂചനകള്‍. ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.
Content Highlights; tata gravitas is harrier seven seater suv name, gravitas official teaser out