ടാറ്റ മോട്ടോഴ്‌സിന്റെ ഐതിഹാസിക എസ്.യു.വി. മോഡലായ സഫാരി ഇന്ത്യയില്‍ അവതരിപ്പിച്ചു. ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് വാഹനമായി എത്തിയിട്ടുള്ള പുതുതലമുറ സഫാരിക്ക് 14.69 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഇതിനുപുറമെ, പ്രത്യേക പതിപ്പായി എത്തുന്ന അഡ്വഞ്ചര്‍ പെര്‍സോണ പതിപ്പിന് 20.20 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. 

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗ്രാവിറ്റാസ് എന്ന പേരിലാണ് സഫാരിയുടെ കണ്‍സെപ്റ്റ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ 30,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി സഫാരിയുടെ ബുക്കിങ്ങ് ടാറ്റയുടെ ഡീലര്‍ഷിപ്പുകളില്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. 

XE, XM, XT, XT+, XZ, XZ+  എന്നീ വേരിയന്റുകളിലാണ് ടാറ്റ സഫാരി വിപണിയില്‍ എത്തിയിട്ടുള്ളത്. ആറ് സീറ്റ് പതിപ്പുകളിലായിരിക്കും ഈ വാഹനം നിരത്തുകളില്‍ എത്തുക. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് സഫാരി എസ്.യു.വിയും ഒരുങ്ങിയിട്ടുള്ളത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

ക്രോമിയം ആവരണത്തില്‍ ട്രൈ-ആരോ ഡിസൈനിലുള്ള ഗ്രില്ലാണ് ഈ വാഹനത്തിന്റെ മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. അതേസമയം, ഹെഡ്‌ലൈറ്റ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഫോഗ്ലാമ്പ്, ബംമ്പര്‍, അലോയി വീലുകള്‍ തുടങ്ങിയവയെല്ലാം ഹാരിയറില്‍ നിന്ന് കടംകൊണ്ടവയാണ്. ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. 

ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയെ ഫീച്ചര്‍ സമ്പന്നമാക്കുന്നുണ്ട്. ഐ.ആര്‍.എ.കണക്ടഡ് കാര്‍ ടെക്നോളജി വാഹനത്തിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നതാണ്. 

ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ ഹൃദയം. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഹ്യുണ്ടായി വികസിപ്പിച്ച ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റികും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Tata Flagship SUV Safari Launched In India, Price Starts From 14.69 Lakhs