അടുത്തകാലത്തായി തൊട്ടതെല്ലാം പൊന്നാക്കിയാണ് ടാറ്റയ്ക്ക് ശീലം. ഇറക്കിയ മോഡലുകള്‍ ഒന്ന് ഒന്നിന് മെച്ചപ്പെട്ടവയാണ്. ഈ സാഹചര്യത്തില്‍ ടിയാഗോയിക്ക് താഴെ ഒരു വാഹനത്തെ എത്തിക്കാനുള്ള അണിയറ നീക്കത്തിലാണ് ടാറ്റ.
ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമായ സാന്‍ട്രോയുമായും മാരുതിയുടെ കുഞ്ഞന്‍ കാറായ ആള്‍ട്ടോ800-മായും മത്സരിക്കാന്‍ കഴിയുന്ന വാഹനം വികസിപ്പിക്കനാണ് ടാറ്റ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുമ്പ് ടാറ്റയുടെ നാനോയായിരുന്നു എന്‍ട്രി ലെവല്‍ വാഹനം. എന്നാല്‍, നാനോ, ഇന്‍ഡികാ തുടങ്ങിയ വാഹനങ്ങള്‍ നിര്‍ത്തിയതോടെ ചെറുഹാച്ച്ബാക്ക് വാഹനങ്ങളില്‍ ടാറ്റയുടെ സ്വാധീനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.
ടാറ്റയുടെ അല്‍ട്രോസില്‍ നല്‍കിയിട്ടുള്ള അല്‍ഫ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും ഈ വാഹനവും ഒരുക്കുക. ടാറ്റയുടെ ടിയാഗോ, ടിഗോര്‍ വാഹനങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം നല്‍കുമെന്നാണ് സൂചന.
1000 സിസിക്ക് താഴെ എന്‍ജിന്‍ ശേഷിയുള്ള വാഹനമായിരിക്കും ടാറ്റ എത്തിക്കുക. മാരുതി ആള്‍ട്ടോ800, ഹ്യുണ്ടായി സാന്‍ട്രോ എന്നീ വാഹനങ്ങള്‍ക്ക് പുറമെ, റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ കാറുകളുമായും ഈ വാഹനം ഏറ്റുമുട്ടും.
Content Highlights: Tata considering entry-level hatchback below Tiago