ചൈനീസ് വാഹനഭീമന്മാരായ ചെറി ഓട്ടോമൊബൈല്‍സും ഇന്ത്യന്‍ നിരത്തിലേക്ക് എത്താനൊരുങ്ങുന്നു. ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സുമായി സഹകരിച്ചാണ് ചെറി ഇന്ത്യന്‍ വാഹനവിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.
ചൈനീസ് വാഹനവിപണിയില്‍ ടാറ്റയുടെയും ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെയും വാഹനങ്ങള്‍ എത്തിക്കുന്നതിനായി ടാറ്റയും ചെറിയും 2012-ല്‍ കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ നിര്‍മാണശാല ചൈനയില്‍ തുറന്നത്.
ചൈനയിലെ ആഭ്യന്തര വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് ചെറി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. നിലവില്‍ ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ മുന്‍നിരയിലുള്ളവരാണ് ചെറി. 2017-ല്‍ തന്നെ ഇവര്‍ ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, ചെറിയുടെ ഇന്ത്യാ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും രണ്ട് കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ചെറിയുടെ സംവിധാനങ്ങളും സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ടാറ്റയുടെ ഔദ്യോഗിക സംഘം അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ വാഹനവിപണിയിലുണ്ടായ വളര്‍ച്ചയും രാജ്യം നിക്ഷേപ സൗഹൃദമായതുമാണ് വിദേശ വാഹനനിര്‍മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. അതേസമയം, ഒരു ആഭ്യന്തര കമ്പനിയുമായുള്ള കൂട്ടുക്കെട്ട് ഇരട്ടി ഗുണംചെയ്യുമെന്ന വിലയിരുത്തലുകളുണ്ട്.
ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ എംജിയുമായി ചേര്‍ന്ന് ചൈനീസ് കമ്പനിയായ എസ്.എ.ഐ.സി മോട്ടോര്‍ കോര്‍പ് ലിമിറ്റഡ് ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. ഇതിന് പുറമെ, കിയ മോട്ടോഴ്സ്, ഗ്രേറ്റ് വാള് മോട്ടോഴ്സ് എന്നിവരും ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണ്.
Content Highlights: Tata & China’s Chery Automobile Entering To A Joint Venture In India