സെവന്‍ സീറ്റര്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലായ ബസാര്‍ഡ് ജനീവ മോട്ടോര്‍ ഷോയില്‍ കഴിഞ്ഞ ദിവസമാണ് ടാറ്റ അവതരിപ്പിച്ചത്. ഒറ്റദിവസം കൊണ്ട് തന്നെ ബസാര്‍ഡിലൂടെ എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ടാറ്റ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ മുഖ്യ എതിരാളികളായ മഹീന്ദ്ര എക്‌സ്.യു.വി 500, വരാനിരിക്കുന്ന എംജി ഹെക്ടര്‍ എന്നിവയെക്കാള്‍ വലുപ്പമേറിയ മോഡലാണ് ബസാര്‍ഡ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 4661 എംഎം നീളവും 1894 എംഎം വീതിയും 1786 എംഎ ഉയരവും 2741 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 

എക്‌സ്.യു.വി 500-ന് 4585 എംഎം നീളവും 1890 എംഎം വീതിയും 1785 എംഎം ഉയരവും 2700 എംഎം വീല്‍ബേസുമാണുള്ളത്. അതായത് എക്‌സ്‌യുവിയെക്കാള്‍ 76 എംഎം നീളവും 4 എംഎം വീതിയും 1 എംഎം ഉയരവും 41 എംഎം വീല്‍ബേസും ബസാര്‍ഡിന് കൂടുതലുണ്ട്. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവുമാണ് എംജി ഹെക്ടറിനുള്ളത്. അതേസമയം ബസാര്‍ഡിനെക്കാള്‍ വീല്‍ബേസ് ഹെക്ടറിനുണ്ട് (2750 എംഎം). വീല്‍ സൈസിലും ബസാര്‍ഡാണ് മുന്നില്‍, 19 ഇഞ്ച്. എക്‌സ്.യു.വിയിലും ഹെക്ടറിലും ഇത് 18 ഇഞ്ചാണ്. 

അടുത്തിടെ ഇന്ത്യയില്‍ പുറത്തിറങ്ങിയ ഹാരിയറിന്റെ  സെവന്‍ സീറ്റര്‍ പതിപ്പാണിതെങ്കിലും രൂപത്തില്‍ ചെറിയ ചില മാറ്റങ്ങളെല്ലാം ബസാര്‍ഡിലുണ്ട്. സി പില്ലര്‍, പുതുക്കിപ്പണിത ടെയില്‍ ലൈറ്റ്സ്, പുതിയ ബംമ്പര്‍, ഫൂട്ട്‌ബോര്‍ഡ്, റൂഫ് റെയില്‍സ് എന്നിവ ബസാര്‍ഡിനെ ഹാരിയറില്‍നിന്ന് അല്‍പം വ്യത്യസ്തമാക്കും. ടാറ്റ നിരയില്‍ ഹെക്സയ്ക്കും ഹാരിയറിനും മുകളില്‍ കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് പുതിയ ബസാര്‍ഡ് എസ്.യു.വി. ഇംപാക്ട്‌സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം. ഹാരിയറിനെ അപേക്ഷിച്ച് 63 എംഎം നീളവും 72 എംഎം വീതിയും 80 എംഎം ഉയരവും ബസാര്‍ഡിന് കൂടുതലുണ്ട്. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല. 

buzzard

കൂടുതല്‍ കരുത്തുറ്റ 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ബസാര്‍ഡിന് കരുത്തേകുന്നത്. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ഹാരിയറില്‍ ഈ എന്‍ജിന്‍ 138 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്. 6 സ്പീഡ് മാനുവല്‍, ഹ്യുണ്ടായില്‍നിന്നെടുത്ത 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്സ്. ഈ വര്‍ഷം രണ്ടാംപകുതിയോടെ ടാറ്റ ബസാര്‍ഡ് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. വിപണിയിലെത്തുമ്പോള്‍ 15-22 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. 

Tata Buzzard

Content Highlights;Tata Buzzard Will Be Bigger Than Mahindra XUV500 & MG Hector