വാഹന പ്രേമികള്‍ക്ക് വലിയ സര്‍പ്രൈസുമായി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ വീണ്ടുമെത്തുന്നു. ഹ്യുണ്ടായി ക്രെറ്റയോടും നിസാന്‍ കിക്‌സിനോടും മത്സരിക്കാന്‍ ബ്ലാക്ക്‌ബേഡ് എന്ന എസ്‌യുവിയാണ് ടാറ്റയില്‍ നിന്ന് ഇനി പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

നെക്‌സോണ്‍ കോംപാക്ട് എസ്‌യുവിക്കും ഹാരിയര്‍ എസ്‌യുവികള്‍ക്ക് നടുവിലായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനമെന്നാണ് സൂചന. അതേസമയം, 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രഖ്യാപിച്ച സെഡാന്‍ മോഡല്‍ ഉടന്‍ പുറത്തിറക്കിയേക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തിറങ്ങാനൊരുങ്ങുന്ന ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കില്‍ നല്‍കിയിട്ടുള്ള ആല്‍ഫാ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ എസ്‌യുവിയുടെ നിര്‍മാണം. ഹാരിയര്‍ നല്‍കിയിട്ടുള്ള ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തിലും അവലംബിക്കുക. 

Tata Blackbird
Image: Saneet Fulsunder

റേഞ്ച് റോവര്‍ വാഹനങ്ങളുടെ സൗന്ദര്യത്തോട് കിടപ്പിടിക്കുന്ന ഈ വാഹനത്തിന്റെ അകത്തും പുറത്തുമായി നെക്‌സോണിലും ഹാരിയറിലും നല്‍കിയിട്ടുള്ള ഭൂരിഭാഗം ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

4.2 മീറ്റര്‍ നീളത്തിലായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. നെക്‌സോണിന് നാല് മീറ്ററും ഹാരിയറിന് 4.5 മീറ്ററുമാണ് നീളമുള്ളത്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം 2021-ല്‍ നിരത്തിലെത്തിയേക്കുമെന്നാണ് സൂചനകള്‍.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടോര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം പുറത്തിറക്കുകയെന്നാണ് വിവരം. ഇതിന് പുറമെ, ഹൈബ്രിഡ്, ഇലക്ട്രിക് കരുത്തുകളിലും ഈ എസ്.യു.വി പ്രതീക്ഷിക്കാം.

Content Highlights: Tata Blackbird SUV – Hyundai Creta Rival