നപ്രിയ വാഹനങ്ങളാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് നിരത്തുകളില്‍ എത്തിയിട്ടുള്ളവയെല്ലാം. എന്‍ട്രി ലെവല്‍ വാഹനമായ ടിയാഗോ മുതല്‍ ഫ്‌ളാഗ്ഷിപ്പ് മോഡലായ സഫാരി വരെ മികച്ച വില്‍പ്പന നേട്ടമാണ് നിര്‍മാതാക്കള്‍ക്ക് സമ്മാനിക്കുന്നത്. ഇതില്‍ തന്നെ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് കോംപാക്ട് എസ്.യു.വി. മോഡലായ നെക്‌സോണ്‍ ആയിരിക്കും. ഈ വാഹനം സ്വന്തമാക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് നേരിയ പ്രഹരം നല്‍കി വില ഉയര്‍ത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. 

നെക്‌സോണ്‍ കോംപാക്ട് എസ്.യു.വിക്ക് വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ 1000 രൂപ മുതല്‍ 11000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ നെക്‌സോണിന്റെ എക്‌സ്‌ഷോറും വില 7.30 ലക്ഷം രൂപയില്‍ തുടങ്ങി 13.35 ലക്ഷത്തിലെത്തിയിരിക്കുകയാണ്. നെക്‌സോണ്‍ നിരയിലെ ഉയര്‍ന്ന വകഭേദമായ XZA+(O) ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന് 11000 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, XZ+, XZA+ ഡാര്‍ക്ക് എഡിഷന്‍ പെട്രോള്‍, XM(S) എന്നീ വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല. 

വില വര്‍ധിപ്പിച്ചിട്ടുള്ളതിന് പുറമെ, മൂന്ന് വേരിയന്റുകളെ നെക്‌സോണ്‍ നിരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. XMA, XZ, XZA+(S) എന്നീ മൂന്ന് ഡീസല്‍ എന്‍ജിന്‍ മോഡലുകളാണ് നെക്‌സോണ്‍ നിരയില്‍ നിന്ന് നീക്കിയിരിക്കുന്നത്. അതേസമയം, മിഡ്-ലെവല്‍ XM വേരിയന്റിന്റെ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ ഇനി ലഭ്യമാക്കും. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി 30-ഓളം വേരിയന്റുകളിലാണ് നെക്‌സോണ്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് നെക്‌സോണ്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 120 പി.എസ്. പവറും 170 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ 110 പി.എസ്. പവറും 260 എന്‍.എം. ടോര്‍ക്കുമേകും. രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. 

ഡിസൈന്‍ മികവും പുതുതലമുറ ഫീച്ചറുകളുമാണ് നെക്‌സോണിന്റെ ജനപ്രീതി ഉയര്‍ത്തുന്നതിന് സഹായകമായിട്ടുള്ളത്. ഇതിനൊപ്പം ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ ക്രാഷ് ടെസ്റ്റിനെ അതിജീവിച്ചതോടെ ഈ വാഹനത്തിന്റെ ഡിമാന്റ് കുത്തനെ ഉയരുകയായിരുന്നു. ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വാഹനമെന്ന ഖ്യാതി നെക്‌സോണിനാണ്. 3993 എം.എം. നീളവും 1811 എം.എം. വീതിയും 1606 എം.എം. ഉയരവും 2498 എം.എം. വീല്‍ബേസിലുമാണ് നെക്‌സോണ്‍ ഒരുങ്ങിയിട്ടുള്ളത്.

Content Highlights; Tata Announce Price Hike For Nexon Compact SUV, 3 Diesel Variants Removed, Tata Nexon