ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളില്‍ കരുത്തനായ ടാറ്റ അല്‍ട്രോസിന്റെ നിര കൂടുതല്‍ വിപുലമാകുന്നു. ഇതിന്റെ ഭാഗമായി അല്‍ട്രോസ് XM പ്ലസ് എന്ന പുതിയ വേരിയന്റ് അവതരിപ്പിച്ചു. 6.60 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ എക്‌സ്‌ഷോറും വില. റെഗുലര്‍ XM വേരിയന്റിനെക്കാള്‍ 30000 രൂപ വില ഉയര്‍ത്തിയാണ് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. 

അല്‍ട്രോസ് XM വേരിയന്റില്‍ നല്‍കിയിരുന്ന എല്ലാ ഫീച്ചറുകളും XM പ്ലസിലും നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 16 ഇഞ്ച് വലിപ്പമുള്ള വീല്‍ എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകള്‍. XM വേരിയന്റില്‍ 14 ഇഞ്ച് വീലുകളാണ് നല്‍കിയിട്ടുള്ളത്. 

ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, ഡൗണ്‍ടൗണ്‍ റെഡ്, അവന്യു വൈറ്റ്, മിഡ്ടൗണ്‍ ഗ്രേ എന്നീ നാല് നിറങ്ങളിലാണ് അല്‍ട്രോസ് XM പ്ലസ് വേരിയന്റ് വിപണിയില്‍ എത്തുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് വിത്ത് ഇബിഡി, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷ ഫീച്ചറുകളും ഇതില്‍ ഒരുങ്ങുന്നുണ്ട്. 

ടാറ്റയുടെ ഇംപാക്ട്സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്ഫോമില്‍ ഒരുങ്ങിയ വാഹനമാണ് അല്‍ട്രോസ്. ഇന്ത്യയിലെ ഹാച്ച്ബാക്ക് ശ്രേണിയില്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടിയ ഏക വാഹനം എന്ന അംഗീകാരവും ഈ കരുത്തന്‍ വാഹനത്തിനാണ്. 

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് അല്‍ട്രോസ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 90 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇരു മോഡലുകളിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Tata Altroz XM+ Variant Launched In India, Price Starts From 6.60 Lakhs